Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsTechTRENDING

ആധുനിക യുദ്ധത്തില്‍ വിമാനം മാത്രമല്ല നിര്‍ണായകം; വിജയം നിര്‍ണയിക്കുന്നത് സെന്‍സറുകളും ആയുധങ്ങളും ഡാറ്റാ നെറ്റ് വര്‍ക്കുകളും ചേര്‍ന്ന ‘കില്‍ വെബു’കള്‍; തേജസിലെ വിട്ടുവീഴ്ചകള്‍ പ്രതിസന്ധിയുണ്ടാക്കി: റിട്ട. എയര്‍ വൈസ് മാര്‍ഷല്‍

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് വന്‍തോതില്‍ വിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനപ്പുറം ഇന്റലിജന്‍സിലും ഇലക്‌ട്രോണിക്‌സിലും കൂടുതല്‍ നിക്ഷേപം നടത്തുകയാണു വേണ്ടതെന്ന് റിട്ട. എയര്‍ വൈസ് മാര്‍ഷല്‍ അനില്‍ ഗൊലാനി. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ ‘ഹാര്‍പ്പി’ (Harpy) സ്‌ക്വാഡ്രണ്‍ രൂപീകരിക്കുകയും അതിന്റെ കമാന്‍ഡിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുകയും ചെയ്തയാളാണ് അനില്‍. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡില്‍ ചീഫ് സ്റ്റാഫ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ സെന്റര്‍ ഫോര്‍ എയറോസ്പേസ് പവര്‍ ആന്‍ഡ് സ്ട്രാറ്റജി സ്റ്റഡീസിന്റെ (CAPSS) ഡയറക്ടര്‍ ജനറലായ അദ്ദേഹം, സമീപകാല സംഘര്‍ഷങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍, യുദ്ധവിമാനങ്ങളുടെ ശേഖരണം, തദ്ദേശീയ ശേഷി വികസനം, എയ്റോ എഞ്ചിന്‍ മേഖലയിലെ സ്വയംപര്യാപ്തത എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

ഓപ്പറേഷന്‍ സിന്ദൂര്‍

ഓപ്പറേഷന്‍ സിന്ദൂറും, ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍, ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ തുടങ്ങിയ സമീപകാല സംഘര്‍ഷങ്ങളും ആധുനിക യുദ്ധമുറകളില്‍ വ്യോമശക്തിയുടെ പ്രാധാന്യം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. ‘ബിയോണ്ട് വിഷ്വല്‍ റേഞ്ച്’ (BVR) പോരാട്ടങ്ങളും നേരിട്ടുള്ള സമ്പര്‍ക്കമില്ലാത്ത (non-contact) സൈനിക നീക്കങ്ങളും നിര്‍ണായക ഘടകങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. പ്രവര്‍ത്തന നിയന്ത്രണം നിലനിര്‍ത്തുന്നതിനായി ഇലക്ട്രോണിക് യുദ്ധമുറകളിലും ഇന്റലിജന്‍സ്, സര്‍വൈലന്‍സ്, റെക്കണസന്‍സ് (ISR) ശേഷികളിലും നിരന്തരമായ നിക്ഷേപം ആവശ്യമാണ്.

നിലവിലെ പ്രതിരോധ ബജറ്റ്

Signature-ad

പ്രതിരോധ ബജറ്റില്‍ ഏകദേശം 15% വര്‍ധനവുണ്ടായി. നിലവില്‍ ഇത് ജിഡിപിയുടെ 1.9% മുതല്‍ 2% വരെയാണ്. ഇത് 2.5 ശതമാനത്തിലേക്ക് എത്തിക്കുന്നത് ഉചിതമായ ലക്ഷ്യമാണ്. എന്നാല്‍ അത്തരം വര്‍ധനവ് ഘട്ടം ഘട്ടമായിരിക്കണം. ബജറ്റ് വിപുലീകരണത്തിനൊപ്പം തന്നെ അത് ഫലപ്രദമായി വിനിയോഗിക്കാനുള്ള ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെ ശേഷിയും വളരേണ്ടതുണ്ട്. പെട്ടെന്നുള്ള വര്‍ധനവിനേക്കാള്‍, സുസ്ഥിരവും പ്രവചിക്കാവുന്നതുമായ വര്‍ധനവാണ് ആയുധ സംഭരണത്തിനും ഉല്‍പ്പാദന ശേഷി വികസിപ്പിക്കുന്നതിനും ആവശ്യം.

അഞ്ചാം തലമുറ വിമാനം

പാകിസ്താന്‍ ചെയ്തതുപോലെ ഇന്ത്യ ഒരു അഞ്ചാം തലമുറ വിമാനം താല്‍ക്കാലികമായി ഇറക്കുമതി ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, പ്രത്യേകിച്ച് എഎംസിഎയുടെ വികസനം പുരോഗമിക്കുന്ന സാഹചര്യത്തില്‍. ആധുനിക യുദ്ധത്തില്‍ ഒരു പ്ലാറ്റ്ഫോം (വിമാനം) മാത്രമല്ല നിര്‍ണായക ഘടകം. ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള ദൂരപരിധിയും കൃത്യതയും, ഒപ്പം നെറ്റ്വര്‍ക്ക് അധിഷ്ഠിത പ്രവര്‍ത്തനങ്ങളുമാണ് പ്രധാനം. പരമ്പരാഗതമായ രീതികള്‍ മാറി ഇപ്പോള്‍ സെന്‍സറുകളും ആയുധങ്ങളും ഡാറ്റാ നെറ്റ്വര്‍ക്കുകളും സംയോജിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ‘കില്‍ വെബ്’ (KILL WEB) ആണ് നിലവിലുള്ളത്. ഇതില്‍ വിമാനത്തേക്കാള്‍ പ്രാധാന്യം അത് എങ്ങനെ ഈ ശൃംഖലയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിനാണ്.

114 റഫാല്‍ വിമാനങ്ങള്‍

നിലവിലെ വ്യോമസേനയുടെ കരുത്തും പഴയ വിമാനങ്ങള്‍ ഒഴിവാക്കുന്ന സാഹചര്യവും പരിഗണിക്കുമ്പോള്‍ ഇത് വളരെ പ്രധാനമാണ്. അനുവദിക്കപ്പെട്ട 42.5 സ്‌ക്വാഡ്രണുകള്‍ക്ക് പകരം നിലവില്‍ 29 സ്‌ക്വാഡ്രണുകള്‍ മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. അതിനാല്‍ എംആര്‍എഫ്എ (മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ്) അത്യാവശ്യമാണ്. കൂടുതല്‍ റഫാലുകള്‍ വാങ്ങുന്നത് പ്രവര്‍ത്തനപരമായും സാങ്കേതികമായും ഗുണകരമാണ്. വ്യോമസേനയ്ക്ക് നിലവില്‍ ഈ വിമാനം കൈകാര്യം ചെയ്തുള്ള പരിചയമുണ്ട്. ഇത് അറ്റകുറ്റപ്പണികള്‍ക്കും പരിശീലനത്തിനും ചിലവ് കുറയ്ക്കും. ഇപ്പോള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത് നിലവിലുള്ള എ3 വേരിയന്റിനേക്കാള്‍ മികച്ച എ5 കോണ്‍ഫിഗറേഷനിലായിരിക്കും എന്നത് ശേഷി വര്‍ദ്ധിപ്പിക്കും.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി

ഇറക്കുമതിയും തദ്ദേശീയവല്‍ക്കരണവും തമ്മില്‍ ഒരു ശത്രുതയുണ്ടെന്ന വാദം തെറ്റാണ്. തേജസ്, എഎംസിഎ തുടങ്ങിയ പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രധാനമാണ്. പക്ഷേ അവ പൂര്‍ത്തിയാകാന്‍ സമയമെടുക്കും. ആ ഇടവേളയില്‍ വ്യോമസേനയുടെ കരുത്ത് ചോരാതിരിക്കാന്‍ റഫാല്‍ പോലുള്ളവ സഹായിക്കും. മാത്രമല്ല, 114 വിമാനങ്ങളില്‍ 96 എണ്ണവും ഇന്ത്യയില്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 50-60 ശതമാനം തദ്ദേശീയ ഘടകങ്ങളുണ്ടാകും. അസ്ത്ര, ബ്രഹ്‌മോസ്-എന്‍ജി തുടങ്ങിയ ഇന്ത്യന്‍ ആയുധങ്ങള്‍ ഇതില്‍ ഘടിപ്പിക്കാനുള്ള സാങ്കേതിക അനുമതിയും ലഭിക്കാന്‍ സാധ്യതയുണ്ട്, ഇത് ആഭ്യന്തര വിപണിയെ സഹായിക്കുകയേ ഉള്ളൂ.

ട്രെയിനറുകളുടെ എണ്ണം കൂടുതലല്ലേ?

വ്യോമസേനയുടെ വിപുലീകരണം കണക്കിലെടുക്കുമ്പോള്‍ ഈ എണ്ണം ശരിയാണ്. റഫാല്‍ വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ പൈലറ്റുമാര്‍ക്ക് പരിശീലനം ആവശ്യമായി വരും. സാധാരണയായി ഒരു സ്‌ക്വാഡ്രണില്‍ 3-4 ഇരട്ട സീറ്റ് വിമാനങ്ങള്‍ ഉണ്ടാകാറുണ്ട്. കൂടാതെ, ഇരട്ട സീറ്റുള്ള റഫാലുകള്‍ കേവലം പരിശീലനത്തിന് മാത്രമുള്ളതല്ല, അവ യുദ്ധമുഖത്ത് ഒറ്റ സീറ്റ് വിമാനങ്ങളെപ്പോലെ തന്നെ പ്രഹരശേഷിയുള്ളവയാണ്.

തേജസ് എംകെ 1എ

എച്ച്എഎല്ലിന് വിമാനം കൈമാറാന്‍ കഴിയാത്തതിന്റെ പ്രധാന പ്രശ്‌നം ആയുധങ്ങളുടെയും സെന്‍സറുകളുടെയും സംയോജനമാണ്. ഇസ്രായേലിന്റെ ഇഎല്‍എം2052 റഡാറും അസ്ത്ര മിസൈലും ഘടിപ്പിക്കുന്നതില്‍ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വ്യോമസേന നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ (ASQRs) പൂര്‍ണ്ണമായും പാലിച്ചതിന് ശേഷം മാത്രമേ വിതരണം ആരംഭിക്കാവൂ. തേജസ് എംകെ1ന്റെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തത് പിന്നീട് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. അത് ആവര്‍ത്തിക്കാതിരിക്കാനാണ് വ്യോമസേന ഇപ്പോള്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നത്.

സ്വന്തമായി ഒരു എയ്റോ എഞ്ചിന്‍

ഇതിന് വ്യക്തമായ നയരൂപീകരണവും ഉത്തരവാദിത്തവും ദീര്‍ഘകാല നിക്ഷേപവും ആവശ്യമാണ്. വിദേശ കമ്പനികളുമായി സഹകരിച്ച് സാങ്കേതികവിദ്യ പഠിച്ചെടുക്കുന്നതിനൊപ്പം തന്നെ സ്വന്തമായി ഗവേഷണം നടത്തുകയും വേണം. അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണം സാങ്കേതിക വിടവ് നികത്താന്‍ സഹായിക്കും. കൂടാതെ, പ്രതിരോധ ബജറ്റിന്റെ ഏകദേശം 5% ഗവേഷണ വികസന (ആര്‍ ആന്‍ഡ് ഡി) പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കേണ്ടതുണ്ട്.

#DailyhuntMalayalam, #IndianAirForce, #DefenceNews, #IndianArmy, #TejasMk1A, #Rafale, #AatmanirbharBharat, #NationalSecurity, #MilitaryNews, #Aviation, #MalayalamNews, #BreakingNews, #KeralaNews, #ഇന്ത്യൻവ്യോമസേന, #പ്രതിരോധം, #ദേശീയം, #വാർത്തകൾ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: