തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ മൂന്നു കേസില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ജയിലില്‍വച്ച് കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു കേസുകളില്‍ കൂടി റിമാന്‍ഡ് ചെയ്യാന്‍ രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാഹുലിന്റെ ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് വീണ്ടും അറസ്റ്റ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നുമാണ് ആദ്യം അറസ്റ്റ് ചെയ്തത്.
പൊലീസ് രജിസ്റ്റര്‍ ചെയ്ത 4 കേസുകളില്‍ 3 കേസില്‍ രാഹുലിനെ ഇന്നു ഹാജരാക്കാന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി3 ഉത്തരവിട്ടിട്ടുണ്ട്. ഈ കേസുകളില്‍ പൊലീസ് ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പ്രൊഡക്ഷന്‍ വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ ആ കേസുകളില്‍ ഇന്നു കോടതിയില്‍ ഹാജരാക്കും. അതിനു പുറമേ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസുമുണ്ട്. ഇതു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്. ഇതില്‍ പൊലീസ് ഇതുവരെ പ്രൊഡക്ഷന്‍ വാറന്റ് ആവശ്യപ്പെട്ടിട്ടില്ല. അത് ഇന്നു നല്‍കാനാണു പൊലീസ് നീക്കം.
രാഹുലിനു മറ്റു കേസുകളില്‍ ജാമ്യം കിട്ടിയാലും ഈ കേസില്‍ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു കോടതിയില്‍ ഹാജരാക്കാന്‍ വീണ്ടും സമയമെടുക്കും. അതുവരെ ജയിലില്‍ കിടക്കട്ടെയെന്നാണ് ഉന്നത ഉദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരോടു നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ കേസുകളിലും ജാമ്യമില്ലാ വകുപ്പുകളാണു ചുമത്തിയിട്ടുള്ളതെന്നു രാഹുലിന്റെ അഭിഭാഷകന്‍ പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും.