കൊച്ചി: രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി. വൈകിട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 6-30 ന് അര ലക്ഷത്തോളം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റല്‍ റോഡ്, പാര്‍ക്ക് അവന്യു റോഡില്‍ ഗസ്റ്റ് ഹൗസ് വരെ നഗരം ദീപാലംകൃതമാക്കിയും കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ചും കഴിഞ്ഞു. വാദ്യമേളങ്ങളോടേയും നാടന്‍ കലാരൂപങ്ങളോടെയും നഗരം പ്രധാനമന്ത്രിയെ സ്വീകരിക്കും.
നൂറു കണക്കിന് പ്രവര്‍ത്തകര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നുണ്ട്. പുഷ്പങ്ങള്‍ ഒരുക്കുന്ന ചുമതല വനിതാ പ്രവര്‍ത്തകര്‍ക്കാണ്. ഇതിനായി 50 ല്‍ പരം പ്രവര്‍ത്തകള്‍ പ്രര്‍ത്തിക്കുന്നുണ്ട്. റോഡ്ഷോ വിജയിപ്പിക്കുന്നതിനായി ഇതിനകം പഞ്ചായത്ത് തലത്തില്‍ 500 ലധികം വാഹനങ്ങള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. അതിനാവശ്യമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 1000 വാളണ്ടിയര്‍മാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രവര്‍ത്തിക്കും. ഇതിനുമുന്‍പ് കാണാത്ത രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ എസ് ഷൈജു പറഞ്ഞു.
17 ന് നടക്കുന്ന ശക്തികേന്ദ്ര സമ്മേളത്തിനായുള്ള എല്ലാ ഒരുക്കളും പൂര്‍ത്തിയായി. പ്രധാനമന്ത്രിയുടെ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്, സംസ്ഥാന സംഘടനാ ജന. സെക്രട്ടറി കെ.സുഭാഷ്, ജന. സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, അഡ്വ. പി.സുധീര്‍, ജില്ലാ പ്രഭാരി അഡ്വ. നാരായണന് നമ്പൂതിരി, സഹ പ്രഭാരി വെളിയാംകുളം പരമേശ്വരന് എന്നിവര്‍ അടങ്ങുന്ന നേതാക്കള്‍ നഗരത്തില്‍ ക്യാമ്പ് ചെയ്തു പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ്.