ന്യൂഡല്‍ഹി: 2027-ഓടെ ഒരുലക്ഷം കരസേനാംഗങ്ങളെ കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ. സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കിയാകും മാനവവിഭവശേഷി കുറയ്ക്കുക.
രജൗറി-പൂഞ്ച് മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ അടുത്തിടെ വര്‍ധനയുണ്ടായിട്ടുണ്ടെന്നും ജനുവരി 15-നുള്ള കരസേനാദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കരസേനയുടെ സദ്ഭാവന പദ്ധതിയുടെ ഭാഗമായി പൂഞ്ചിലെ ഒരു ഗ്രാമം ദത്തെടുത്തതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം പൂഞ്ച് ജില്ലയിലെ ടോപാപീര്‍ ഗ്രാമത്തില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. സൈന്യം ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്ത 17 ഗ്രാമീണരില്‍ മൂന്നുപേരെ പിന്നീട് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത് വിവാദമായിരുന്നു. ടോപാപീര്‍ ഗ്രാമമാണോ ദത്തെടുക്കുന്നതെന്ന് കരസേനാമേധാവി വ്യക്തമാക്കിയില്ല.