ന്യൂഡല്‍ഹി: യുഎസില്‍നിന്ന് പുതിയതായി എത്തിച്ച ബോയിങ് 737 മാക്സ് യാത്രാവിമാനത്തിലെ ബോള്‍ട്ടുകള്‍ അയഞ്ഞേക്കാമെന്ന മുന്നറിപ്പിനു പിന്നാലെ പരിശോധനയുമായി ഇന്ത്യയിലെ വിമാനക്കമ്പനികള്‍. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തകരാറുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനായാണ് പരിശോധന നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്ഥിതിഗതികള്‍ വിലയിരുത്താനായി ആകാശ, എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു.
ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ റഡ്ഡര്‍ കണ്ട്രോള് സിസ്റ്റത്തില്‍ അയഞ്ഞ ബോള്‍ട്ട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും സുരക്ഷാപരിശോധന നടത്തുന്നത്. ഒരു വിമാനത്തില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിച്ചതായും ബോയിംഗ് 737 മാക്സ് വിമാനത്തില്‍ പരിശോധന നടത്താന്‍ മറ്റ് എയര്‍ലൈനുകളോട് ആവശ്യപ്പെട്ടതായും ബോയിങ് വ്യക്തമാക്കി.
യുഎസ് ഏവിയേഷന്‍ റെഗുലേറ്ററുമായും വിമാന നിര്‍മാതാക്കളായ ബോയിങുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പതിവ് പ്രക്രിയയുടെ ഭാഗമാണ് നിലവിലെ പരിശോധനകളെന്നും ഡിജിസിഎ അറിയിച്ചു. ‘എന്തെങ്കിലും തകരാര്‍ കാണുമ്പോഴെല്ലാം എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ബോയിങ് മുന്നറിയിപ്പു നല്‍കാറുണ്ട്. മുന്‍പും ഇത്തരം സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ല” ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു. പരിശോധനയ്ക്ക് പരമാവധി 2 മണിക്കൂര്‍ മാത്രമേ സമയം ആവശ്യമുള്ളൂ എന്നും സര്‍വീസുകളെ ബാധിക്കില്ലെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു.