തൊടുപുഴ: വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നല്കിയ ഹരിത കര്‍മ സേനാംഗങ്ങള്‍ നാടിന്റെ അഭിമാനമായി. ഇടുക്കി ജില്ലയിലെ മണക്കാട് പഞ്ചായത്തിലെ ഹരിത കര്‍മ സേന അംഗങ്ങളായ സരിത ഗോപകുമാര്‍, അന്‍സീന ഹരി എന്നിവരെയാണ് മണക്കാട് ഗ്രാപഞ്ചായത്തും നാട്ടുകാരും അഭിനന്ദിച്ചത്.
ഉടമസ്ഥന് കുറച്ച് നാളുകള്‍ക്ക് മുന്നേ നഷ്ടപ്പെട്ടുപോയ സ്വര്‍ണം, വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വന്ന മണക്കാട് പഞ്ചായതിലെ എഴാം വാര്‍ഡിലെ ഹരിത കര്‍മസേന പ്രവര്‍ത്തകരായ സരിതക്കും അന്‍സീനക്കും ലഭിക്കുകയായിരുന്നു.
വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകര്‍മ സേനാംഗങ്ങളായ സരിത ഗോപകുമാറും അന്‍സീന ഹരിയും. ഇതിനിടെ ഒറ്റ നോട്ടത്തില്‍ നിന്ന് തന്നെ സ്വര്‍ണമാണെന്ന് മനസിലായപ്പോള്‍ ആ സ്വര്‍ണം സ്വന്തമാക്കാനല്ല, ഉടമസ്ഥന് തിരിച്ചു കൊടുക്കാനായിരുന്നു അവരുടെ ചിന്ത. ഏകദേശ ധാരണ വെച്ച് അന്വേഷിച്ചുപോയി യഥാര്‍ഥ ഉടമയെ കണ്ടെത്തുകയായിരുന്നുവെന്ന് ഇവര്‍.
ഹരിത കര്‍മ സേനാംഗങ്ങള്‍ അത് മണക്കാട് ഏഴാം വാര്‍ഡ് മെമ്പറായ ജീന അനിലിന്റെ സാനിധ്യത്തില്‍ കൃത്യമായി വള്ളി മലക്കുന്നേല്‍ ആനന്ദിന്റെ വീട്ടില്‍ തിരിച്ചേല്പിക്കുകയും ചെയ്തു. ഇവരുടെ ക്രിയാത്മകമായ പ്രവര്‍ത്തനത്തിനാണ് എല്ലാവരും ചേര്‍ന്ന് അഭിനന്ദനങ്ങള്‍ നല്‍കിയത്.