കാഞ്ഞങ്ങാട്: സിങ്കപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി മുങ്ങിനടന്ന ആലപ്പുഴ സ്വദേശിയെ ചിറ്റാരിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുമല തെക്കേക്കര ചെറുകുന്നം കനാല്‍ ജംഗ്ഷനില്‍ വളക്കോട്ടു തറയില്‍ എന്‍. പ്രസാദ് (55) ആണ് അറസ്റ്റിലായത്. ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്.ഐമാരായ അരുണന്‍, കെ.ജി രതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ. ജയരാജന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സജീഷ്, സാജു എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ചിറ്റാരിക്കല്‍ നിരത്തുംതട്ട് സ്വദേശി മാത്തുക്കുട്ടിയില്‍ നിന്ന് 1,75,500 രൂപയാണ് വാങ്ങിയത്. 2022ലാണ് സംഭവം. മംഗളൂരുവില്‍ ഇന്റര്‍വ്യൂ നടത്തിയ ശേഷമാണ് പണം വാങ്ങിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയോ വാങ്ങിയ പണമോ തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്നാണ് മാത്തുക്കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
പ്രസാദ് പരാതിക്കാരനില്‍ നിന്നും പണം വാങ്ങിയത് ആള്‍മാറാട്ടം നടത്തിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സുരേഷ് ഗോപി നാരായണന്‍ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
ചിറ്റാരിക്കാരിലും പരിസരങ്ങളിലും ഇലക്ട്രിക്ക് പോസ്റ്റുകളില്‍ നോട്ടീസ് പതിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ വലയിലാക്കിയത്. നോട്ടീസിലെ നമ്പര്‍ കണ്ടാണ് മാത്തുക്കുട്ടി പ്രസാദിനെ ബന്ധപ്പെടുന്നത്. ഇതോടെ മംഗളൂരുവിലെ ഓഫീസിലേക്ക് പോകാന്‍ പറഞ്ഞു. എ.സി സൗകര്യമുള്ള വലിയ മുറിയില്‍ വെച്ചായിരുന്നു ഇന്റര്‍വ്യൂ. എന്നാല്‍ ഈ മുറിയും തട്ടിപ്പിനായി താല്‍ക്കാലികമായി ഒരുക്കിയതാണെന്ന് പൊലീസ് കണ്ടെത്തി.