NEWSWorld

യു.എസ്. സൈനികവിമാനം ജപ്പാനിലെ ദ്വീപില്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു, ഏഴുപേര്‍ക്കായി തിരച്ചില്‍

ടോക്കിയോ: ജപ്പാനിലെ യക്കുഷിമ ദ്വീപില്‍ യു.എസ്. സൈനികവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഓസ്പ്രേ വിഭാഗത്തില്‍പ്പെട്ട വിമാനം പരീശീലനപ്പറക്കലിനിടെയാണ് കടലില്‍ തകര്‍ന്നുവീണത്. ബുധനാഴ്ചയായിരുന്നു അപകടം. ജപ്പാന്റെ തെക്കേ അറ്റത്തെ പ്രധാന ദ്വീപായ ക്യുഷുവിന്റെ തെക്കുഭാഗത്താണ് യക്കുഷിമ സ്ഥിതിചെയ്യുന്നത്.

അപകടത്തില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനെ ആദ്യം കടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചെന്ന് ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. എട്ടുപേരങ്ങുന്ന സംഘമാണ് സി.വി 22 ബി ഓസ്പ്രേ വിമാനത്തില്‍ യൊക്കോത്തയിലെ എയര്‍ ബെയ്സില്‍ നിന്ന് പരിശീലന പറക്കല്‍ ആരംഭിച്ചതെന്ന് യു.എസ് വ്യോമസേന ഓപ്പറേഷന്‍സ് തലവന്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

അതേസമയം, വിമാനത്തിന്റെ ഇടത് എഞ്ചിന് തീപിടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കഗോഷിമ മേഖലയിലെ ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഓഗസ്റ്റില്‍ വടക്കന്‍ ആസ്ട്രേലിയയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നും കഴിഞ്ഞ വര്‍ഷം നാറ്റോയുടെ പരിശീലനത്തിനിടെ നോര്‍വേയില്‍ ഓസ്പ്രേ എം.വി 22ബി വിമാനം തകര്‍ന്ന് നാലും യു.എസ് നാവികര്‍ മരിച്ചിരുന്നു. 2017-ല്‍ ഓസ്ട്രലിയയുടെ വടക്കന്‍ തീരത്ത് ഓസ്പ്രേ വിമാനം തകര്‍ന്ന് മൂന്ന് നാവികര്‍ക്കും ജീവന്‍ നഷ്ടമായി.

Back to top button
error: