CrimeNEWS

ഓയൂരിലെ 6 വയസുകാരിയുടെ ‘കിഡ്‌നാപ്പിങ്’; ‘ആന്റി’മാര്‍ രണ്ടെന്ന് കുട്ടിയുടെ മൊഴി

കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഒന്നിലധികം സ്ത്രീകളുണ്ടെന്നു സൂചന. തിങ്കളാഴ്ച രാത്രി താമസിപ്പിച്ച വീട്ടില്‍ ‘2 ആന്റിമാര്‍’ ഉണ്ടായിരുന്നെന്നാണു കുട്ടിയുടെ മൊഴി. സംഭവദിവസം കണ്ണനല്ലൂരിനു സമീപം പുലിയിലയില്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന സ്ത്രീക്ക് ഓയൂര്‍ സംഭവത്തിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. ഇവരുടെ രേഖാചിത്രം പൊലീസ് പുറത്തിറക്കി.

ഗവ. വിക്ടോറിയ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ ഇന്നലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഇന്നു വീട്ടിലേക്കു വിട്ടേക്കും.മാതാപിതാക്കളും സഹോദരനും കുട്ടിക്കൊപ്പമുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓയൂരിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ വന്ന പതിനായിരക്കണക്കിനു കോളുകള്‍ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കുട്ടിയുടെ മാതാപിതാക്കളുടേതടക്കം കഴിഞ്ഞ 6 മാസത്തെ കോളുകളാണു പൊലീസ് പരിശോധിക്കുന്നത്. അന്വേഷണത്തിന് ഇരുനൂറോളം പേരുള്ള പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Signature-ad

അതിനിടെ, തട്ടിക്കൊണ്ടുപോയ കുട്ടിയെ ആശ്രാമം മൈതാനത്തു നിന്നു കിട്ടിയ ശേഷം എആര്‍ ക്യാംപിലേക്കു മാറ്റിയത് പൊലീസിന്റെ ഗുരുതര വീഴ്ചയെന്ന് ആരോപണം. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വൈദ്യപരിശോധന നടത്തുകയും കൗണ്‍സലിങ് നല്‍കുകയുമാണു വേണ്ടിയിരുന്നതെന്നു വിദഗ്ധര്‍ പറയുന്നു.

കുട്ടിയെ നാലര മണിക്കൂറോളം എആര്‍ ക്യാംപില്‍ ഇരുത്തി. ഇവിടേക്കു മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ലെങ്കിലും ജനപ്രതിനിധികള്‍ മുതല്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളെ വരെ കടത്തിവിട്ടു. ജനപ്രതിനിധികള്‍ വരെ കുട്ടിയുമായി ചേര്‍ന്നുനിന്നു പടമെടുത്ത് ഫെയ്‌സ്ബുക്കിലിട്ടു. വൈകിട്ട് 6.15ന് ആണു കുട്ടിയെ ഗവ. ആശുപത്രിയിലേക്കു മാറ്റിയത്.

 

Back to top button
error: