കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനിടെ മൊബൈല്‍ ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കി പരീക്ഷാര്‍ഥികളെ എച്ച് കടമ്പ കടക്കാന്‍ സഹായിച്ച ഏലൂര്‍ ഉദ്യോഗമണ്ഡല്‍ ഡ്രൈവിങ് സ്‌കൂളിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവിങ് ടെസ്റ്റിനിടെ ഇന്‍സ്ട്രക്ടര്‍ മൊബൈല്‍ ഫോണിലൂടെയാണ് പരീക്ഷാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്.
എച്ച് എടുക്കുമ്പോള്‍ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്ത് ഇത് നിരീക്ഷിച്ച് കൊണ്ട് നില്‍ക്കുന്ന ഇന്‍സ്ട്രക്ടര്‍ ഓരോ വളവിലും തിരിവിലും സ്റ്റിയറിങ് കൃത്യമായി തിരിക്കാനുള്ള നിര്‍ദേശമാണ് ഫോണിലൂടെ നല്‍കിയത്. ഇരുമ്പു കമ്പികള്‍ നാട്ടി റിബണ്‍ കെട്ടി തിരിച്ച എച്ചിനകത്ത് കാറിന്റെ ദിശയ്ക്ക് അനുസരിച്ച് ഇന്‍സ്ട്രക്ടര്‍ നിര്‍ദേശം നല്‍കുന്നതിനാല്‍ പരീക്ഷാര്‍ഥിക്ക് ഒരു കമ്പിയിലും തട്ടാതെ കൃതമായി പരീക്ഷ പൂര്‍ത്തിയാക്കാനാകും. ആലുവയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലാണ് ഉദ്യോഗമണ്ഡല്‍ ഡ്രൈവിങ് സ്‌കൂളുകള്‍ ഹൈടെക് തട്ടിപ്പിലൂടെ പരീക്ഷാര്‍ഥികളെ വിജയിപ്പിച്ചത്.
ഈ സ്‌കൂളിലെ ഭൂരിഭാഗം പരീക്ഷാര്‍ഥികളും എളുപ്പത്തില്‍ എച്ച് കടമ്പ കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നിരീക്ഷണം ശക്തമാക്കിയപ്പോഴാണ് സ്‌കൂളിലെ ഇന്‍സ്ട്രക്ടര്‍ സമീപത്തു മാറി നിന്ന് ഫോണില്‍ നിര്‍ദേശം നല്‍കുന്നത് കണ്ടെത്തിയത്. ആലുവ ജോയിന്റ് ആര്‍ടിഒ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്‍ടിഒ ജി അനന്തകൃഷ്ണന്‍ ഡ്രൈവിങ് സ്‌കൂളിന്റെ ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്. ആലുവ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ഈ സ്‌കൂളിന്റെ മേല്‍നോട്ടത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ചിട്ടുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ജനുവരി ഒന്നുമുതലാണ് സസ്പെന്‍ഷന് പ്രാബല്യം നല്‍കിയിരിക്കുന്നത്.