താര സംഗമവേദിയായി കാര്‍ത്തികയുടെ വിവാഹം
പഴയകാല നടി രാധയുടെ മകളും നടിയുമായ കാര്‍ത്തിക നായരുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത് വമ്പന്‍ താരനിര. കാസര്‍കോട് രവീന്ദ്രന് മേനോന്റെയും കെ. ശര്‍മ്മിളയുടെയും മകന് രോഹിത് മേനോന് ആണ് കാര്‍ത്തികയുടെ വരന്. രാധയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കവടിയാര്‍ ഉദയപാലസ് കണ്വെന്ഷന് സെന്ററിലായിരുന്നു വിവാഹം. ഇന്ത്യന്‍ സിനിമാലോകത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്ത വിവാഹം സുഹൃത്തുക്കളുടെ സംഗമവേദി കൂടിയായി.
വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീത് ചടങ്ങിലും നിരവധി താരങ്ങളാണ് എത്തിയത്. സോനാ നായര്‍, ജലജ, മേനക, വനിത, ശ്രീലക്ഷ്മി എന്നിവരും നടന് ജയസൂര്യ അടക്കമുള്ള താരങ്ങള്‍ കല്യാണ റിസപ്ഷനും എത്തിയിരുന്നു.
മലയാള സിനിമയിലെ എണ്‍പതുകളിലെ ആവേശമായിരുന്നു നടി അംബികയുടെ അനുജത്തിയും തമിഴ് മലയാളം നടിയുമായി രാധ. ആ നടിയുടെ മകള്‍ എന്നപേരിലാണ് കാര്‍ത്തിക നായര്‍ കൂടുതല്‍ അറിയപ്പെടുന്നത്. അംബികയുടെയും രാധയുടെയും സിനിമാ സുഹൃത്തുക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തതോടെ തിരുവനന്തപുരത്ത് രാധയുടെ സ്വന്തം കണ്വെന്ഷന് സെന്ററായ ഉദയ്പാലസ് താരങ്ങളുടെ സംഗമ വേദിയായി മാറി.
മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ സിനിമകളില്‍ വേഷമിട്ട താരമാണ് കാര്‍ത്തിക നായര്‍. ലെനിന് രാജേന്ദ്രന്റെ ‘മകരമഞ്ഞ്’ എന്ന സിനിമയിലൂടെയാണ് കാര്‍ത്തിക മലയാളത്തില്‍. ‘കമ്മത്ത് ആന്റ് കമ്മത്ത്’ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ വന്‍ വിജയമായ ‘കോ’ എന്ന ചിത്രത്തിലും കാര്‍ത്തിക വേഷമിട്ടു. ‘പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്ന തമിഴ് സിനിമയിലാണ് കാര്‍ത്തിക ഒടുവില്‍ അഭിനയിച്ചത്.