തിരുവനന്തപുരം: കാല്‍ മുട്ടിലെ ലിഗമെന്റ് പുനഃസ്ഥാപിക്കുന്ന താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പാറശ്ശാല താലൂക്ക് ആശുപത്രി. ജില്ലയിലെ മെഡിക്കൽ കോളേജ് ഇതര സർക്കാർ ആശുപത്രിയിൽ ആദ്യമായി ആണ് ഇത്തരം ഒരു ശസ്ത്രക്രിയ നടക്കുന്നത്. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ മണിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.
ചെറുവാരകോണം സ്വദേശി 37 വയസുള്ള അനി എന്ന വ്യക്തിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. 2015ൽ അപകടത്തിൽ മുട്ടിനു പരിക്ക് പറ്റിയ അനി നിരന്തരമായുള്ള മുട്ട് വേദനയും നടക്കാനുള്ള ബുദ്ധിമുട്ടും കാരണമാണ് ഡോക്ടറെ സമീപിച്ചത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മുട്ടിലെ ലിഗമെന്റ് പുനഃസ്ഥാപിക്കുന്ന താക്കോൽദ്വാര ശാസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ നാലു ലക്ഷം രൂപ ചെലവാകുന്ന ശസ്ത്രക്രിയ നടത്താൻ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലാണ് അനി സർക്കാർ ആശുപത്രിയെ സമീപിച്ചത്.
ഡോ.മണി പാറശ്ശാല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടായ ഡോ. നിതയെ കാര്യങ്ങൾ അറിയിക്കുകയും തുടർന്ന് സൂപ്രണ്ടിന്റെ ഇടപെടലിൽ സൗജന്യമായി ആണ് ശസ്ത്രക്രിയ നടത്തിയത്. ഡോ.മണിയുടെ നേതൃത്വത്തിൽ ഡോ.അജോയ്, ഡോ. റൂഗസ്, അനസ്തേഷ്യ ഡോക്ടർ സന്ദീപ്, ടെക്നീഷ്യൻ അരുൺ.എസ്, നേഴ്സുമാരായ ബിന്ദു കുമാരി, വീണ, അനിൽ, ശക്തി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.