CrimeNEWS

ഗള്‍ഫിലെ സമ്പാദ്യമെല്ലാം പാഴാക്കിയത് അമ്മ; പക്ഷാഘാതം ബാധിച്ച വീട്ടമ്മയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

കൊല്ലം: പക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; മൂത്ത മകന്‍ അറസ്റ്റില്‍. ചെറുപൊയ്ക തെക്ക് നെടിയവിള ഭാഗം സതീഷ് ഭവനില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പത്മിനിയമ്മ (61) ആണു കൊല്ലപ്പെട്ടത്. അമ്മയെ അതിക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി എന്ന കേസില്‍ മകന്‍ സതീഷ് കുമാറിനെ (37) ആണു പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഗള്‍ഫില്‍ ജോലി ചെയ്തു സമ്പാദിച്ചതെല്ലാം പാഴാക്കിയത് അമ്മയാണെന്ന് ആരോപിച്ചു സതീഷ് പതിവായി മദ്യപിച്ചു വഴക്കിടുമായിരുന്നത്രെ. ഇയാളുടെ ഭാര്യ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു പിണങ്ങിപ്പോയിരുന്നു. ഇതിനു ശേഷം വീട്ടില്‍ വഴക്കു പതിവായി. ഉപദ്രവം സഹിക്കവയ്യാതെ പിതാവ് ശശിധരന്‍ പിള്ള 3 ദിവസം മുന്‍പ് വീടുവിട്ട് ഇറങ്ങിയിരുന്നു.

Signature-ad

പിന്നീട് അമ്മയും മകനും മാത്രമായിരുന്നു വീട്ടില്‍. വെള്ളി രാത്രിയില്‍ സതീഷ് പുറത്തു നിന്നു വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം കഴിക്കുന്നതിനിടെ പത്മിനിയമ്മയുമായി വഴക്കിടുകയും കട്ടിലില്‍ കിടന്ന അമ്മയെ തള്ളി താഴെയിട്ടു തല പിടിച്ചു തറയില്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തൊഴിയേറ്റു വാരിയെല്ലു പൊട്ടി. ഇതും തലയ്‌ക്കേറ്റ ക്ഷതവും ആണു മരണകാരണം.

അയല്‍ വീട്ടില്‍ നിന്നു ബന്ധുവായ യുവതി ചായയുമായി എത്തിയപ്പോഴാണു മുന്‍വശത്തെ മുറിയില്‍ പത്മിനിയമ്മ മരിച്ചു കിടക്കുന്നതു കണ്ടത്. ഈ സമയം സതീഷ് കുമാര്‍ അകത്തെ മുറിയില്‍ കിടക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഒന്നുമറിയില്ല എന്നു ഭാവിച്ചു എങ്കിലും തെളിവുകള്‍ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു.

Back to top button
error: