കണ്ണൂര്‍: കണ്ണവം ഫോറസ്റ്റ് റെയിഞ്ചിനു കീഴില്‍ കാട്ടാന പ്രസവിച്ചു. കോളയാട് പഞ്ചായത്തിലെ കാടിനോട് ചേര്‍ന്നുള്ള പെരുവ പാറക്കുണ്ട് കോളനി ടി ജയന്റെ വനാവകാശ ഭൂമിയിലെ കമുക് തോട്ടത്തിലാണ് ഞായറാഴ്ച്ച പുലര്‍ച്ചെയോടെ കാട്ടാന പ്രസവിച്ചത്. രാത്രി മുതല്‍ കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ട് നിരീക്ഷിച്ചപ്പോഴാണ് കാട്ടാന പ്രസവിച്ചതായി മനസിലായത്. ആറോളം ആനകള്‍ തമ്പടിച്ച നിലയിലായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് നിടുംപൊയില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി.
പരിശോധനയുടെ സമയത്ത് ശബ്ദം കേട്ട് ആനകള്‍ കാട്ടിലേക്ക് മറഞ്ഞിട്ടുണ്ട്. സാധാരണ നിലയില്‍ പ്രസവം നടക്കുന്ന സമയങ്ങളില്‍ സംരക്ഷണത്തിനായാണ് മറ്റ് ആനകളെ ശബ്ദമുണ്ടാക്കി എത്തിക്കുന്നത്. രാത്രിയോടെ തന്നെ ഇത്തരത്തില്‍ ഇവിടെ ആനകള്‍ തമ്പടിച്ചിരുന്നു. പ്രസവം നടന്നു കഴിഞ്ഞാല്‍ ഏറെ നേരം നില്‍ക്കാതെ കുട്ടിയെ എടുത്തോ അല്ലെങ്കില്‍ നടത്തിച്ചോ ആനകള്‍ കാടിന്റെ മറ്റു ഭാഗത്തേക്ക് നീങ്ങാറാണ് പതിവ്. അതുകൊണ്ട് തന്നെ വനപാലകര്‍ എത്തുന്നതിനു മുമ്പേ ആനയും കുട്ടിയാനയും കാട്ടിലേക്ക് മറഞ്ഞിരുന്നു.
ഇതാദ്യമായാണ് കണ്ണവം ഫോറസ്റ്റ് റെയിഞ്ചില്‍ കാട്ടാന പ്രസവിച്ചതായി റിപോര്‍ട്ട് ചെയ്തതെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ ആന പ്രസവിക്കാറായിട്ടുണ്ടെന്ന് നേരത്തെ നിരീക്ഷണത്തിലൊന്നും കണ്ടെത്തിയിരുന്നില്ല. അടുത്തിടെ ആറളം റെയിഞ്ചിലാണ് ഇത്തരത്തില്‍ ആന പ്രസവിച്ചത്. റിപോര്‍ട്ട് ചെയ്തത്. ഭക്ഷണം കിട്ടുന്ന സ്ഥലത്തേക്ക് ആന എത്താറുണ്ടെങ്കിലും പ്രസവിക്കുന്നത് പലപ്പോഴും സുരക്ഷിതമായി ഉള്‍ക്കാടുകളിലായിരിക്കും. നിലവില്‍ കണ്ണവം ഫോറസ്റ്റ് റെയിഞ്ചില്‍ കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. കോയിലോട്, പന്നിയോട്,ചെന്നിമൂല,ആക്കംമൂല പ്രദേശങ്ങളിലെല്ലാം കാട്ടാനകള്‍ കൃഷി സ്ഥലത്തെത്താറുണ്ട്. പ്രസവം നടന്ന സ്ഥലത്തെ ജയന്റെ നിരവധി കമുക് കാട്ടാനകള്‍ തിന്ന് നശിപ്പിച്ച നിലയിലാണ്.