ജയ്പുര്‍: രാജസ്ഥാനിലെ ദൗസാ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. ബൂപേന്ദ്ര എന്ന പോലീസുകാരനാണ് പ്രതിയെന്നും ഇയാളെ അറസ്റ്റുചെയ്തതായും ദൗസാ എ.എസ്.പി.പറഞ്ഞു. സംഭവത്തില്‍ വന്‍പ്രതിഷേധമാണുയരുന്നത്. ലാല്‍സോട്ട് ഏരിയയിലെ രഹുവാസ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയ ജനക്കൂട്ടം പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. നൂറുകണക്കിന് പേരാണ് ഇവിടെ തമ്പടിച്ചത്.
കോണ്‍ഗ്രസ് സര്‍ക്കാരിനും പോലീസിനുമെതിരെ ബി.ജെ.പി. രംഗത്തെത്തി. ബി.ജെ.പി നേതാവ് കിരോടി ലാല്‍ മീണ പ്രതിഷേധം നടക്കുന്ന പോലീസ് സ്റ്റേഷനിലെത്തി. ‘ദളിത് പെണ്‍കുട്ടിയെ ക്രൂരമായാണ് പോലീസുകാരന്‍ ബലാത്സഗം ചെയ്തത്. അശോക് ഗെലോട്ടിന്റെ കഴിവുകെട്ട ഭരണത്തില്‍ പോലീസ് അഴിഞ്ഞാടുകയാണ്. ഇരയായ പെണ്‍കുട്ടിയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. തിരഞ്ഞെടുപ്പ് കാലമായിട്ടുപോലും അതിക്രമങ്ങള്‍ കുറയുന്നില്ല’- മീണ പറഞ്ഞു.
ബി.ജെ.പി. വക്താവ് ഷെഹ്സാദ് പൂനെവാലയും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. പ്രിയങ്ക ഗാന്ധി ഈയിടെ സന്ദര്‍ശിച്ച സ്ഥലമാണ് ദൗസ. മനുഷ്യത്വം തലകുനിക്കേണ്ട അവസ്ഥയാണ്. ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി സ്റ്റേഷനില്‍ ചെന്നപ്പോള്‍ പോലീസുകാര്‍ മര്‍ദിച്ചെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, നവംബര്‍ 25-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍, സംഭവം ഉയര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാവും ബി.ജെ.പി. ശ്രമം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ 200 അംഗസഭയില്‍ കോണ്‍ഗ്രസിന് 99-ഉം ബി.ജെ.പി.ക്ക് 73-ഉം സീറ്റാണ് ലഭിച്ചത്. ബി.എസ്.പിയുടെയും സ്വതന്ത്രരരുടേയും പിന്തുണയോടെ ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയായിരുന്നു.