എറണാകുളത്ത് ഗര്‍ഭിണിയ്ക്ക് നേരെ പൊലീസ് മര്‍ദനം; സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രിയും ; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം ; 2024 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ സ്ത്രീയെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി. 2024 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതി ഇടപെടലില്‍ പുറത്തുവിട്ടിരുന്നു. കേസിന്റെ പുരോഗതി അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭിച്ചത്. 2024 ല്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നോര്‍ത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോള്‍ എന്‍. ജെ എന്ന സ്ത്രീയെ മുഖത്തടിച്ചത്. ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്.
ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലീസ് പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പൊലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെയാണ് യുവാവിന്റെ ഭാര്യ സ്റ്റേഷനിലെത്തിയത്.






