KeralaNEWS

ആഘോഷങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; കര്‍ഷക ആത്മഹത്യയില്‍ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനു വേണ്ടിയും വന്‍തുക ചെലവഴിക്കുന്നു. പാവപ്പെട്ട കര്‍ഷകരെയും സ്ത്രീകളെയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയില്‍ ഗവര്‍ണര്‍ എത്തും. തുടര്‍ന്ന് അദ്ദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.

കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെ.ജി.പ്രസാദ് (55) ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്. കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മരിച്ചു.

Signature-ad

താന്‍ പരാജയപ്പെട്ടുപോയ കര്‍ഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഓഡിയോയാണ് പുറത്തുവന്നത്. സര്‍ക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആര്‍എസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ് പറയുന്നുണ്ട്.

തന്റെ മരണത്തിന്റെ കാരണം കേരള സര്‍ക്കാരും ബാങ്കുകളുമാണെന്ന് ചൂണ്ടിക്കാട്ടി കെ.ജി.പ്രസാദ് എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തു വന്നിരുന്നു. ‘ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

 

Back to top button
error: