ബിജെപി നേതൃത്വം തിരിച്ചറിയുന്നു തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കിട്ടിയ വോട്ടുകള്‍ സുരേഷ് ഗോപിക്ക്;ബിജെപിക്കല്ല; സുരേഷ് ഗോപിയുടെ പ്രസ്താവനകളും വിവാദങ്ങളും തിരിച്ചടിയായി; ക്രൈസ്തവ വോട്ടുകള്‍ പിടിച്ചുനിര്‍ത്താനായില്ല; അടിയൊഴുക്കുകള്‍ സംഭവിച്ചെന്നും സംശയം

തൃശൂര്‍: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തോല്‍വി സംസ്ഥാന നേതൃത്വം പരിശോധിക്കുന്നു. പ്രതീക്ഷിച്ചത്ര
ക്രൈസ്തവ വോട്ടുകള്‍ ബിജെപി അക്കൗണ്ടില്‍ വീഴ്ത്താനായില്ല എന്നതാണ് തോല്‍വിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്തൊട്ടാകെ ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ക്രൈസ്തവസഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപി നടത്തിയ ‘ക്രിസ്ത്യന്‍ ഔട്ട്റീച്ച്’ പരിപാടി തദ്ദേശതിരഞ്ഞെടുപ്പില്‍ ഗുണംചെയ്തില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്.
ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ധാരാളമായി ലഭിച്ച തൃശൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ആ കണക്ക് മനസ്സില്‍ വച്ചാണ് ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞത്. ആ കണക്ക് മനസ്സില്‍ കിടക്കുന്നത് കൊണ്ട് തന്നെ പലയിടത്തും കാര്യമായി പ്രവര്‍ത്തിക്കാനും ബിജെപി ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. പല സീറ്റുകളും കിട്ടാതെ പോയതിന് കാരണം ഈ ഒഴുക്കന്‍ മട്ടാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി യുഡിഎഫ് അക്കൗണ്ടിലേക്ക് ഒഴുകി.
തൃശൂരിന് പുറമേ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ഇതായിരുന്നു സ്ഥിതി.
തൃശൂര്‍ കോര്‍പ്പറേഷനില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ പറ്റിയത് ബിജെപി നേട്ടമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും
ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ, ഡിവിഷനുകളില്‍ വന്‍ പരാജയമാണുണ്ടായത്. കൃഷ്ണപുരം, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ചേലക്കോട്ടുകര, ഗാന്ധിനഗര്‍, നെട്ടിശ്ശേരി, കുരിയച്ചിറ ഡിവിഷനുകളിലെ വോട്ട് വിലയിരുത്തിയാണ് ബിജെപി ഈ നിലപാടിലെത്തുന്നത്.
ജയിക്കുമെന്ന് അമിത പ്രതീക്ഷ പുലര്‍ത്തിയ ഈ ഡിവിഷനുകളിലെ ഫലം വിപരീതമായിരുന്നു. ചത്തീസ്ഗഡ് വിഷയം തിരിച്ചടിയായെന്നും കന്യാസ്ത്രീ സമൂഹംതന്നെ ബിജെപിക്കെതിരേ വോട്ട് ചെയ്‌തെന്നുമാണ് കരുതുന്നത്.
തൃശൂര്‍ കോര്‍പ്പറേഷനിലെ ചില ഡിവിഷനുകളില്‍ ബിജെപിക്കാര്‍ വോട്ടു മാറ്റി കുത്തിയതായും പരാതികള്‍ വരുന്നുണ്ട്. ഇത് രേഖാമൂലം ഇപ്പോഴും നേതൃത്വത്തെ അറിയിച്ചിട്ടില്ലെങ്കിലും വരുംദിവസങ്ങളില്‍ കൃത്യമായ കണക്കുകള്‍ എടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അറിയിക്കാനാണ് സ്ഥാനാര്‍ത്ഥികള്‍ നിശ്ചയിച്ചിരിക്കുന്നത്.
തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് അനുകൂലമായി ഉണ്ടായിരുന്ന തരംഗം തദ്ദേശഭരണം തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും നഷ്ടമായി എന്ന് വിലയിരുത്തിലും സംസ്ഥാന നേതൃത്വത്തിലുണ്ട്.
സുരേഷ് ഗോപിയുടെ പല പ്രസ്താവനകളും, ഉണ്ടായ പല വിവാദങ്ങളും ബിജെപിക്ക് തൃശൂരില്‍ സൃഷ്ടിച്ചത് നെഗറ്റീവ് ഇമേജ് ആണെന്നും സുരേഷ്‌ഗോപിയെ ജയിപ്പിച്ചത് കൊണ്ട് കാര്യമുണ്ടായില്ല എന്ന തോന്നല്‍ പരക്കെ ഉണ്ടായെന്നും ബിജെപി ക്കുള്ളില്‍ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ നേട്ടം തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ പറ്റാതെ പോയതിന്റെ പ്രധാന കാരണം ഇതുകൂടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ ലഭിച്ച വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതാണ് അല്ലാതെ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിനോ താര പകിട്ടിനോ കിട്ടിയതല്ല എന്ന ധാരണ വെച്ചുപുലര്‍ത്താന്‍ പാടില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ കണക്ക് സുരേഷ് ഗോപിക്ക് ലഭിച്ചതാണെന്നും ബിജെപിക്ക് ലഭിച്ചതല്ലെന്നും തിരിച്ചറിയാന്‍ നേതൃത്വം വൈകി എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

കലുങ്ക് സംവാദവും കോഫി വിത്ത് എസ് ജി തുടങ്ങിയ പരിപാടികളെല്ലാം വിവാദത്തില്‍ കലാശിച്ചത് കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് ഉണ്ടാക്കിയതെന്നും വിമര്‍ശനമുണ്ട്.
പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പിന്തുണ പാര്‍ട്ടി നേതാക്കളില്‍ നിന്നും മുതിര്‍ന്ന പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായില്ല എന്ന പരാതിയും വ്യാപകമാണ്.
പ്രചരണത്തിനു പോലും വേണ്ടത്ര സഹായം കിട്ടിയില്ല എന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കും എന്ന് പ്രചരണത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നെങ്കിലും അതിനുവേണ്ടിയുള്ള തീവ്രശ്രമങ്ങള്‍ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാന്‍ പറ്റിയ ഒരു നേതാവ് മത്സരരംഗത്തില്ലാതിരുന്നതിനാല്‍ ഭരണം പിടിക്കുക എന്ന ചിന്തയേ പ്രവര്‍ത്തകര്‍ക്കുണ്ടായില്ലെന്നതാണ് മറ്റൊരു വിലയിരുത്തല്‍. പാര്‍ട്ടി നേതൃത്വത്തില്‍ ഒരു കൂട്ടായ്മ പ്രകടമാക്കാന്‍ സാധിച്ചില്ല, ജില്ലാ പ്രസിഡന്റിന് നേതൃപരമായി പങ്കുവഹിക്കാന്‍ കഴിഞ്ഞില്ല, ഒരു സംസ്ഥാന നേതാവ് പ്രവര്‍ത്തനരംഗത്തുനിന്ന് വിട്ടുനിന്നു തുടങ്ങിയ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന ഭാരവാഹികളില്‍ ബി. ഗോപാലകൃഷ്ണന്‍ മാത്രമാണ് ഡിവിഷനില്‍ ഇറങ്ങി പ്രവര്‍ത്തിച്ചതെന്നും അത് ഗാന്ധിനഗര്‍ ഡിവിഷനില്‍ ഗുണം ചെയ്‌തെന്നുമാണ് വിലയിരുത്തല്‍.

30 സീറ്റ് വരെ കിട്ടും എന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടപ്പോള്‍ എന്ത് മാനദണ്ഡത്തിലാണ് ഇങ്ങനെ അവകാശപ്പെടുന്നത് തിരിച്ചു ചോദിച്ച പ്രവര്‍ത്തകര്‍ തൃശൂരില്‍ ഉണ്ടായിരുന്നുവെന്ന് വിമര്‍ശനമുന്നയിച്ചവര്‍ ഓര്‍മ്മിപ്പിക്കുന്നു.
തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ടക്കം തികയ്ക്കാന്‍ ബിജെപിക്കായില്ല എന്നത് അനുകൂല സാഹചര്യങ്ങള്‍ മുതലാക്കാന്‍ ജില്ലാ ഘടകത്തിന് സാധിക്കാതെ പോയി എന്ന വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
എംപിയും കേന്ദ്ര സഹമന്ത്രിയും ഒക്കെ ആയിട്ടും തൃശൂരില്‍ ബിജെപിക്ക് സുരേഷ് ഗോപിയുടെ എന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കാവുന്ന ഒരു നേട്ടവും ഒരു വികസന പ്രവര്‍ത്തനവും ഇതുവരെയും ഉണ്ടായിട്ടില്ല എന്ന ആക്ഷേപവും പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തമാണ്.
കേന്ദ്രത്തിലും പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായും അമിത്ഷായുമായും അടുത്ത ബന്ധം പുലര്‍ത്തുന്നത് കൊണ്ട് സുരേഷ് ഗോപിക്കെതിരെ വിമര്‍ശനമുന്നയിക്കാന്‍ സംസ്ഥാന പ്രാദേശിക നേതാക്കള്‍ തയ്യാറാകുന്നില്ല എന്നും തെരഞ്ഞെടുപ്പ് തോല്‍വി അവലോകനങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഭരണത്തില്‍ എത്തിച്ച സാഹചര്യങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മാറുമോ എന്ന കാര്യത്തില്‍ ബിജെപിക്ക് സംശയവും ആശങ്കയും ഉണ്ട്.






