ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളുടെ രാജ്യത്തായിരുന്നു ഇതെങ്കില്‍ ‘മനുഷ്യത്വപരമായ’ ഇടപെടല്‍ നടത്തുമായിരുന്നോ? നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ട ഇറാനെ വിമര്‍ശിച്ച് തലാലിന്റെ സഹോദരന്‍; ‘രക്തം കൊണ്ട് കച്ചവടം ചെയ്യാന്‍ വരരുത്, നീതിപൂര്‍വകമായ ശിക്ഷ മാത്രമാണ് പരിഹാരം’

സനാ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇറാന്‍ ഇടപെടലിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി. കൊലപാതകം നടന്നത് ഇറാനിലായിരുന്നെങ്കില്‍ മനുഷത്വപരമായ കാരണങ്ങള്‍ നിരത്തുമായിരുന്നോ എന്നാണ് ഫത്താഹ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചിയോടാണ് ഫത്താഹിന്റെ ചോദ്യങ്ങള്‍.
‘അബ്ബാസ്, ഇത് എന്ത് തരം മനുഷ്യത്വമാണ്? ഈ കുറ്റകൃത്യം നിങ്ങളുടെ രാജ്യത്താണ് നടന്നതെങ്കിലോ? ഒരാളെ അറുത്തുകൊല്ലുകയും, അതിനുശേഷ കഷ്ണങ്ങളായി നുറുക്കുകയും ചെയ്തിരുന്നെങ്കിലോ? അന്ന് ആ കൊലയാളിയെ മോചിപ്പിക്കാന്‍ നിങ്ങള്‍ ഈ ‘മനുഷ്യത്വപരമായ കാരണങ്ങള്‍’ നിരത്തുമായിരുന്നോ? എന്നാണ് ഫത്താഫ് ചോദിക്കുന്നത്.
ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് നീതിപൂര്‍വമായ ശിക്ഷമാത്രമാണ് പരിഹാരം എന്നത് നിങ്ങള്‍ക്കറിയാം. നീതി തടസപ്പെടുത്തുന്നത് മനുഷ്യത്വപരമല്ല. അത് കുറ്റകൃത്യത്തേക്കാള്‍ വലിയ മറ്റൊരു കുറ്റകൃത്യമാണ്. ഇരയുടെ കുടുംബത്തോടും അവകാശത്തോടും സമൂഹത്തോടും നിയമത്തോടും, ഭരണഘടനയോടും, മനുഷ്യമനസാക്ഷിയോടും ചെയ്യുന്ന കുറ്റകൃത്യമാണെന്നും ഫത്താഹ് എഴുതി.
യഥാര്‍ത്ഥ വേദനയും അടിച്ചമര്‍ത്തലും എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ! എന്നിട്ടാണ് ‘മനുഷ്യത്വം’ എന്ന മുദ്രാവാക്യമുയര്‍ത്തി അവരുടെ രക്തം കൊണ്ട് കച്ചവടം ചെയ്യാന്‍ ആളുകള്‍ വരുന്നതെന്നും ഫത്താഹിന്റെ കുറിപ്പിലുണ്ട്. നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെടാന്‍ ഇറാന്‍ തയ്യാറാകുന്നു എന്ന ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് അബ്ദുള്‍ ഫത്താഹ് മെഹ്ദിയുടെ പോസ്റ്റ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രമായി ഇടപെടാന്‍ പരിമിതികളുള്ള പ്രദേശമായ സനയിലാണ് നിമിഷപ്രിയ അറസ്റ്റിലായത്. ഇറാന്‍ പിന്തുണയുള്ള വിമതസേനയായ ഹൂതികളുടെ തലസ്ഥാന നഗരമാണിത്. ഇതിനാലാണ് വിഷയത്തില്‍ ഇറാന്റെ ഇടപെടല്‍ നിര്‍ണായകമാകുന്നത്.
2017ലാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെടുന്നത്. നിമിഷപ്രിയയ്‌ക്കൊപ്പം സനായില്‍ ക്ലിനിക് നടത്തുന്നയാളാണ് തലാല്‍ അബ്ദുമഹ്ദി. നിമിഷപ്രിയ തലാലിന്റെ ഭാര്യയാണെന്നതിനു യെമനില്‍ രേഖകളുണ്ട്. എന്നാല്‍, ഇതു ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്.
ഭാര്യയും കുഞ്ഞുമുള്ള തലാല്‍ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാള്‍ക്കും കൂട്ടുകാര്‍ക്കും വഴങ്ങാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു ജയിലിലായ തലാല്‍ പുറത്തെത്തിയ ശേഷം കൂടുതല്‍ ഉപദ്രവകാരിയായി. ജീവിക്കാന്‍ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നല്‍കി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയില്‍ പറഞ്ഞത്.
മൃതദേഹം നശിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയില്‍ ജോലിക്കു ചേര്‍ന്നു. ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കള്‍ അന്വേഷണം തുടങ്ങി. നിമിഷയുടെ ചിത്രം പത്രത്തില്‍ കണ്ട ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. 2017 ല്‍ അറസ്റ്റിലായത് മുതല്‍ സനായിലെ ജയിലിലാണ് നിമിഷ പ്രിയ. 2020ലാണ് നിമിഷപ്രിയക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുന്നത്.






