Breaking NewsIndiaLead Newspolitics

സ്ത്രീകളുടെ പദ്ധതിക്ക് വേണ്ടിയുള്ള 10,000 രൂപ വീണത് പുരുഷന്മാരുടെ അക്കൗണ്ടില്‍ ; പിഴവ് തിരിച്ചറിഞ്ഞ് തിരികെ നല്‍കണമെന്ന ഉദ്യോഗസ്ഥര്‍ ; ചെയ്ത വോട്ടു തിരിച്ചു തന്നാല്‍ പണം തിരികെ തന്നേക്കാമെന്ന് വോട്ടര്‍മാര്‍

പാട്ന: സ്്ത്രീകളുടെ പദ്ധതിയുമായി ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് അയച്ച പണം പുരുഷന്മാരുടെ അക്കൗണ്ടില്‍ വീണുപോയതിനെ തുടര്‍ന്ന് തിരികെ ചോദിച്ച് ബീഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയുടെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ഇതില്‍ ചിലതാണ് പുരുഷന്മാരുടെ അക്കൗണ്ടിലേക്ക് മാറിയെത്തിയിരിക്കുന്നത്. അതേസമയം സംഭവം വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്.

ദര്‍ഭന്‍ഗ ജില്ലയിലെ 14 പുരുഷന്മാരുടെ അക്കൗണ്ടിലേക്കാണ് പണം മാറി എത്തിയത്. സാങ്കേതിക പിശക് കാരണം പണം പുരുഷന്മാരുടെ അക്കൗണ്ടിലേക്കും എത്തിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. ചിലര്‍ പണം തിരികെ നല്‍കിയിട്ടുണ്ടെങ്കിലും മറ്റു ചിലര്‍ പണം തിരിച്ചു നല്‍കാന്‍ തങ്ങള്‍ നല്‍കിയ വോട്ട് തിരികെ തരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് പദ്ധതി പ്രഖ്യാപിച്ചത്.

Signature-ad

ബിഹാറിലെ 75 ലക്ഷം വരുന്ന സ്ത്രീജനങ്ങള്‍ക്കായി ആകെ 7500 കോടി പദ്ധതിയിനത്തില്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 1.56 കോടിയോളം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ 202 സീറ്റുകളോടെ എന്‍ഡിഎ അധികാരത്തില്‍ വന്നതില്‍ ഈ പദ്ധതിക്കും വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി നോട്ടീസിന്റെ പകര്‍പ്പ് എക്സില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. വിവാദമായതിന് പിന്നാലെ സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രാവണ്‍ കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Back to top button
error: