മുംബൈ ഹൈക്കോടതിക്കടക്കം ബോംബു ഭീഷണി; കോടതികള്‍ ഒഴിപ്പിച്ചു; സുരക്ഷ ശക്തമാക്കി; പരിശോധന തുടരുന്നു

മുംബൈ: മുംബൈ ഹൈക്കോടതിയടക്കം നഗരത്തിലെ നിരവധി കോടതികളില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴി ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയുടെ ഭാഗമായി കോടതിക്കുള്ളിലുള്ളവരെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും സുരക്ഷാ സേനയും നടത്തിയ വിശദമായ പരിശോധനയില്‍ കോടതി പരിസരത്ത് നിന്നും ഇതുവരെ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
മുംബൈ നഗരത്തിലെ നിരവധി കോടതികള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചിച്ചത്. ബാന്ദ്ര മജിസ്‌ട്രേറ്റ്, മുംബൈ ഹൈക്കോടതി, എസ്പ്ലനേഡ് കോടതി, ദക്ഷിണ മുംബൈയിലെ രണ്ട് കോടതികള്‍ തുടങ്ങിയ നഗരത്തിലെ പ്രധാനപ്പെട്ട കോടതികളിലാണ് ഭീഷണി ലഭിച്ചത്.
ഭീഷണി ലഭിച്ച എല്ലാ സ്ഥലങ്ങളിലും വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്നും കോടതികള്‍ സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു.
ഭീഷണി ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ പോലീസ് കോടതി മുറിയിലുള്ള ജീവനക്കാരടക്കം എല്ലാവരെയും ഒഴിപ്പിച്ച ശേഷമാണ് പരിശോധന നടത്തിയത്. ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നും ഭീഷണിക്ക് പിന്നിലുള്ളവരുടെ ലക്ഷ്യമെന്താണെന്നും മനസ്സിലാക്കുന്നതിന് വേണ്ടി വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ബോംബ് ഭീഷണിയെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. മുംബൈ ഹൈക്കോടതി പരിസരം ഉള്‍പ്പെടെ ഭീഷണി ലഭിച്ച സ്ഥലങ്ങളില്‍ സമഗ്രമായ പരിശോധനകള്‍ നടത്താന്‍ ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.
നാഗ്പൂരിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് ഇമെയിലില്‍ പറഞ്ഞിരുന്നതായി നാഗ്പൂരില്‍ നിന്നുള്ള അഭിഭാഷകര്‍ സ്ഥിരീകരിച്ചു. അജ്ഞാത വ്യക്തിയില്‍ നിന്ന് കോടതിക്ക് ഇമെയില്‍ ലഭിച്ചതിനെ തുടര്‍ന്ന് കോടതി പരിസരം പരിശോധിച്ചു. ഇവിടെയും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.
സെപ്റ്റംബര്‍ 12 നും 19 നും ഇമെയിലുകള്‍ വഴി മുംബൈ ഹൈതേക്കാടതിക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇവ വ്യാജമാണെന്ന് കണ്ടെത്തി. ഡല്‍ഹി ഹൈക്കോടതിക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
തുടര്‍ച്ചയായി കോടതികള്‍ക്ക് ബോംബ് ഭീഷണികള്‍ വരുന്നതിനെക്കുറിച്ച് ഇന്റലിജന്‍സ് വിശദമായി അന്വേഷിക്കുന്നുണ്ട്.






