48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച പി.ഇന്ദിര ഇനി കണ്ണൂര്‍ മേയര്‍; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ.സുധാകരന്‍ എംപി; കണ്ണൂര്‍ കോര്‍പറേഷനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത് വലിയൊരു പദ്ധതിയെന്നും സുധാകരന്‍

കണ്ണൂര്‍: 48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച പി.ഇന്ദിര കണ്ണൂരിന്റെ പുതിയ മേയറാകും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്നാണ് ഇന്ദിര മേയര്‍ പദവിയിലേക്ക് എത്തുന്നത്.
പി.ഇന്ദിരയെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി പ്രഖ്യാപിച്ചത് കൊണ്ട് കെ.സുധാകരന്‍ എംപിയാണ്. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തതെന്ന് മേയറുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് കെ.സുധാകരന്‍ എംപി പറഞ്ഞു. ഒരു വലിയ പദ്ധതിയും കണ്ണൂര്‍ കോര്‍പറേഷനായി തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ അത് നടപ്പാക്കുമെന്നും എംപി പറഞ്ഞു. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാലു പേര്‍ മത്സരിച്ച പയ്യാമ്പലത്ത് നിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് പുറമേ ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 56 സീറ്റുകളില്‍ 36 എണ്ണം നേടിയാണ് കോര്‍പറേഷന്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തിയത്.
എല്‍ഡിഎഫ് 15 സീറ്റിലും എന്‍ഡിഎ നാലിടത്തും എസ്ഡിപിഐ ഒരിടത്തും ജയിച്ചു. മുസ്ലിം ലീഗിലെ കെ.പി. താഹിറിനെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.






