ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയെ അനിശ്ചിതകാലം തടവിലിടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. കേസിലെ വാദം വിചാരണക്കോടതിയില്‍ എന്നാണ് തുടങ്ങുകയെന്ന് അന്വേഷണ ഏജന്‍സികള്‍ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോട് സഞ്ജീവ് ഖന്ന, എസ്.വി.എന്‍. ഭാട്ടി എന്നീ ജസ്റ്റിസുമാരടങ്ങുന്ന ബെഞ്ച് ചോദിച്ചു. മദ്യനയ കേസില്‍ സിസോദിയയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
അനന്തകാലം സിസോദിയയെ തടവിലിടാന്‍ കഴിയില്ല. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ വാദം തുടങ്ങേണ്ടതുണ്ട്.- ബെഞ്ച് വ്യക്തമാക്കി. സിസോദിയയുടെ കേസ് കുറ്റാരോപിതന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കുന്നതിനായുള്ള ഇന്ത്യന്‍ ശിക്ഷാനിയമം 207-ന്റെ പരിരക്ഷയിലാണെന്നും അതിനു ശേഷം വാദം തുടങ്ങുമെന്നും സി.വി. രാജു ബെഞ്ചിനെ അറിയിച്ചു. വിചാരണക്കോടതിയില്‍ വാദം തുടങ്ങുന്നത് എന്നാണെന്ന് ചൊവ്വാഴ്ചയോടെ അറിയിക്കണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
മദ്യനയക്കേസില്‍ ഫെബ്രുവരി 26-നാണ് സിസോദിയ അറസ്റ്റിലാകുന്നത്. മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ ഡല്‍ഹി ലെഫ്റ്റന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സി.ബി.ഐയുടെ കേസ്. സിസോദിയ ഉള്‍പ്പെടെ 15 പേരാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്. പിന്നാലെ മദ്യനയവുമായി ബന്ധപ്പെട്ട് 292 കോടിയുടെ അഴിമതി നടന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള ആരോപണത്തില്‍ ഇ.ഡി.യും സിസോദിയയെ അറസ്റ്റു ചെയ്യുകയായിരുന്നു.