NEWSWorld

ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാന‍ഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങൾ

ദില്ലി: ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാന‍ഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങൾ. ജസ്റ്റിൻ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്.

ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ എത്തിയത് മുതൽ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ ദൃശ്യമായി തുടങ്ങിയിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു. കാനഡയുടെ നിലപാടിനെതിരെയുള്ള അമർഷം അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ മന്ത്രി എസ് ജയശങ്കർ തുറന്നുപറഞ്ഞിരുന്നു.

Signature-ad

അടുത്ത പൊതു തെരഞ്ഞെടുപ്പ് 2025 ൽ നടക്കാനിരിക്കെ ജസ്റ്റിൻ ട്രൂഡോ നിലപാട് തിരുത്തുമെന്ന് ഇന്ത്യ കരുതുന്നില്ല. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ അമേരിക്കയും ഫ്രാൻസും ഉൾപ്പടെ ജി7 രാജ്യങ്ങളെ കൂടെ നിർത്താനുള്ള നീക്കവും ട്രൂഡോ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭീകരവാദത്തെ അനുകൂലിക്കുന്ന ട്രൂഡോയുടെ നിലപാട് പ്രധാന രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തും. 20 ലക്ഷത്തോളം ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. മലയാളികൾ അടക്കം 75000 പേർ എല്ലാ വർഷവും കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കാനഡയിൽ പഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്. രണ്ടു രാജ്യങ്ങൾക്കുമിടയിലെ ഈ തർക്കം കാനഡയിലേക്ക് പോകുന്നവരെയും ബാധിച്ചേക്കാം. ട്രൂഡോയുടെ നിലപാട് നിരീക്ഷിച്ച ശേഷമാകും കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുക.

Back to top button
error: