ഫോര്‍മുല വണ്‍ ലോക കിരീടം ലാന്‍ഡോ നോറിസിന്; അബുദാബിയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു; പോയിന്റ് പട്ടികയില്‍ ഒന്നാമത്

സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാൻപ്രീയ്ക്കൊടുവില്‍ മക്‌ലാരൻ താരം ലാൻഡോ നോറിസ് കരിയറിലെ ആദ്യ ഫോർമുല വൺ ലോകകിരീടം സ്വന്തമാക്കി. മത്സരത്തിൽ റെഡ് ബുള്ളിന്റെ നിലവിലെ ചാംപ്യൻ മാക്സ് വെർസ്റ്റപ്പൻ ഒന്നാമതെത്തിയപ്പോൾ മക്‌ലാരന്റെ തന്നെ ഓസ്കർ പിയാസ്ട്രി രണ്ടാമതും നോറിസ് മൂന്നാമതുമായാണ് ഫിനിഷ് ചെയ്തത്.
ഇതോടെ, ചാംപ്യൻഷിപ് പട്ടികയില്‍ വെർസ്റ്റപ്പനെക്കാൾ രണ്ട് പോയിന്റ് മുന്നിലെത്തി നോറിസ് കിരീടം ഉറപ്പിച്ചു. 2020-ൽ ലൂയിസ് ഹാമിൽട്ടനു ശേഷം ഫോർമുല വൺ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് 26-കാരനായ നോറിസ്. ഇതോടെ മാക്സ് വെർസ്റ്റപ്പന്റെ നാലു വർഷം നീണ്ട കിരീടവാഴ്ചയ്ക്ക് അവസാനമായി.
വെർസ്റ്റപ്പനെക്കാൾ 12 പോയിന്റിന്റെയും പിയാസ്ട്രിയേക്കാള്‍ 16 പോയിന്റിന്റെയും മുൻതൂക്കവുമായാണ് നോറിസ് നിർണായകമായ അവസാന മത്സരത്തിനിറങ്ങിയത്. റെഡ് ബുള്ളിനായി വെർസ്റ്റാപ്പൻ പോൾ പൊസിഷനിൽനിന്ന് മത്സരം തുടങ്ങിയപ്പോൾ ഒന്നാം നിരയിൽ നോറിസും തൊട്ടുപിന്നല്‍ മൂന്നാമനായി പിയാസ്ട്രിയും അണിനിരന്നു. വെർസ്റ്റാപ്പന് കിരീടം നേടണമെങ്കിൽ നോറിസ് നാലാമതോ അതിൽ താഴെയോ എത്തണമായിരുന്നു. സീസണിലുടനീളം ലീഡ് പങ്കിട്ട മക്ലാരൻ ഡ്രൈവർമാർക്ക്, രണ്ടാം ഘട്ടത്തിലെ തന്ത്രപരമായ പിഴവുകളാണ് വിനയായി. ഇതോടെ, സീസന്റെ അവസാനഘട്ടത്തിൽ നടത്തിയ അവിശ്വസനീയ കുതിപ്പിലൂടെ വെർസ്റ്റാപ്പൻ ഇരുവരെയും മറികടക്കുന്നതിന്റെ വക്കിലെത്തിയത്.
ഈ വർഷം ഏറ്റവും കൂടുതൽ മത്സരങ്ങളിൽ (എട്ട്) ജയിച്ച താരവും വെർസ്റ്റപ്പനാണ്. ബ്രിട്ടന്റെ പതിനൊന്നാമത് ഫോർമുല വൺ ലോകചാംപ്യനായ നോറിസ്, 423 പോയിന്റുമായാണ് കിരീടം ഉറപ്പിച്ചത്. വെർസ്റ്റപ്പൻ 421 പോയിന്റോടെ രണ്ടാമതും പിയാസ്ട്രി 410 പോയിന്റോടെ മൂന്നാമതും സീസൺ അവസാനിപ്പിച്ചു. 1998-നു ശേഷം ആദ്യമായാണ് മക്‌ലാരന്‍ ഒരേ സീസണിൽ ഡ്രൈവേഴ്സ്, കൺസ്ട്രക്ടേഴ്സ് കിരീടങ്ങൾ നേടുന്നത്.






