തട്ടിക്കൊണ്ടുപോയ വ്യവസായിയെ കണ്ടെത്തി; പിന്നില്‍ ബിസിനസ് വൈരാഗ്യം; കണ്ടെത്തിയത് പാലക്കാട് ഉപേക്ഷിക്കപ്പെട്ട നിലയില്‍; മര്‍ദിച്ച് അവശനാക്കിയെന്ന് മൊഴി

മലപ്പുറം: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ മലപ്പുറം വണ്ടൂർ സ്വദേശിയായ വ്യവസായിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. വണ്ടൂർ സ്വദേശി മുഹമ്മദാലിയെയാണ് പാലക്കാട് കോതകുറിശ്ശിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. ബിസിനസ് രംഗത്തെ ശത്രുതയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് മർദ്ദനമേറ്റ് അവശനായ മുഹമ്മദാലി പൊലീസിന് മൊഴി നൽകി.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് അഞ്ചംഗ സംഘം മുഹമ്മദാലിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്നയുടൻ വ്യാപകമായ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെയും വാഹനത്തെയും കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്നുള്ള തിരച്ചിലിലാണ് ഇന്ന് രാവിലെ കോതകുറിശ്ശിയിൽ നിന്നും ഇദ്ദേഹത്തെ കണ്ടെത്തിയത്. അക്രമികൾ ഇദ്ദേഹത്തെ ഇവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ശരീരമാസകലം പരുക്കേറ്റ നിലയിലായിരുന്ന മുഹമ്മദാലിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ഗുരുതരമായി മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ബിസിനസ് രംഗത്തെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മുഹമ്മദാലി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു കോളേജ് വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും അദ്ദേഹം മൊഴി നൽകി. തനിക്ക് നേരെ ആക്രമണം നടത്തിയവരെക്കുറിച്ച് വ്യക്തമായ വിവരം കൈമാറിയിട്ടുണ്ട്.
മുഹമ്മദാലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി. അഞ്ചംഗ കൊട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. പ്രതികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.






