Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മാങ്കുട്ടത്തിലിനു പിന്നാലെ തരൂര്‍ തെറിക്കുമോ; രാഹുല്‍ ചെയ്തതിനേക്കാള്‍ കുറ്റകരമായ കാര്യങ്ങളാണ് തരൂര്‍ ചെയ്യുന്നതെന്ന് ശക്തമായ അഭിപ്രായം; കോണ്‍ഗ്രസ് പുറത്താക്കില്ല രാജിവെപ്പിക്കും;പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ വന്നാല്‍ മുറിച്ചു മാറ്റണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

 

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ഇത് വെട്ടി നിരത്തലുകളുടെ കാലമെന്ന് സംശയം. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് പിന്നാലെ തിരുവനന്തപുരം എംപി ഡോ. ശശി തരൂരിനെതിരെയാണ് കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്.

Signature-ad

 

എന്നാല്‍ രാഹുലിനെ പുറത്താക്കിയ പോലെ തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി രക്തസാക്ഷി പരിവേഷം കൊടുക്കണ്ട എന്നാണ് തരൂര്‍ വിരുദ്ധരുടെ ശക്തമായ അഭിപ്രായം.
lതരൂര്‍ വേണമെങ്കില്‍ രാജിവച്ചു പുറത്തു പോട്ടെ അല്ലാതെ പുറത്താക്കുകയല്ല വേണ്ടത് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.രാഹുലിനെതിരെ ശബ്ദിച്ച പോലെ തന്നെ തരൂരിനെതിരെയും ഉണ്ണിത്താന്‍ ആഞ്ഞടിക്കുകയാണ്.

 

ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്, അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് താന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നു പറഞ്ഞു .
ഒരു മനുഷ്യന് ഒരു ജന്മം ഒരു പാര്‍ട്ടിയെക്കൊണ്ട് നേടിയെടുക്കാനുള്ള പരമാവധി സ്വന്തമാക്കിയ തരൂരിന് ഇപ്പോള്‍ എന്താണ് അസ്വസ്ഥതയും അസംതൃപ്തിയും. എന്താണ് ഈ പാര്‍ട്ടിയില്‍നിന്ന് അദ്ദേഹം ഇനി നേടാനുള്ളത്. അദ്ദേഹത്തിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ് – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അദ്ദേഹത്തിന് വേണമെങ്കില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം പോകാം. എത്രപേര്‍ പോയി. പോയവരുടെ സ്ഥിതിയെല്ലാം നാം കാണുന്നില്ലേ. അദ്ദേഹത്തിന് ബിജെപിയിലേക്ക് പോകാം, എന്നാല്‍
ബിജെപിയില്‍ ചേരുന്നെങ്കില്‍ അത് കോണ്‍ഗ്രസ് പുറത്താക്കിയിട്ടേ ചേരൂ എന്ന വാശിപിടിച്ചാല്‍ ഈ ജന്മം അത് നടക്കാന്‍ പോകുന്നില്ല. അദ്ദേഹത്തിന്റെ മനസിലിരുപ്പ് കോണ്‍ഗ്രസ് ചെയ്യാന്‍ പോകുന്നില്ല. ഒരു രക്തസാക്ഷിപരിവേഷമൊന്നും അദ്ദേഹത്തിന് ഞങ്ങള്‍ കൊടുക്കില്ല.

ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിക്കുന്ന നരേന്ദ്രമോദിയെ അനുകൂലിച്ച് തരൂര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കേരളത്തിലെ മതേതരവാദികളുടെ മനസ് വേദനിക്കും. എന്തൊരു അപരാദമാണ് തരൂര്‍ ചെയ്യുന്നത്. ഇയാളെ വെച്ച് വാഴിക്കരുത്. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ വന്നാല്‍ മുറിച്ചുതന്നെ മാറ്റണം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

എന്തെങ്കിലും തീരുമാനമെടുത്ത് തരൂര്‍ ബിജെപിയിലേക്ക് പോയാല്‍ അദ്ദേഹത്തിനൊപ്പം ഒരാളും പോകില്ല. ഭാര്യയായ സുനന്ദ പുഷ്‌കര്‍ ജീവിച്ചിരുന്നെങ്കില്‍ അവര്‍ പോലും അദ്ദേഹത്തിനൊപ്പം ബിജെപിയിലേക്ക് പോകില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

തരൂരിനെതിരെ നടപടി വേണമെന്ന് താന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയെടുക്കേണ്ടത് താനെങ്കില്‍ നാളെതന്നെ എടുത്തിരിക്കും. തുമ്മിയാല്‍ തെറിക്കുന്ന മൂക്കെങ്കില്‍ ചുമ്മാതെറിച്ചു പോകട്ടെ എന്നതാണ് തന്റെ പോളിസിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.

ഇത്രയും പരസ്യമായി തരൂരിനെതിരെ നേതാക്കള്‍ പലരും വന്നിട്ടും കെപിസിസിയോ ഹൈക്കമാന്‍ഡോ തരൂരിനെതിരെ . ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് തരൂരിനെ പാര്‍ട്ടിയില്‍ വച്ചുകൊണ്ടിരിക്കരുത് എന്ന് ആവശ്യപ്പെടുന്ന നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്.
നടപടിയെടുക്കേണ്ടത് താനാണെങ്കില്‍ എന്ന് ഉണ്ണിത്താന്‍ പറഞ്ഞത് വരെ അതിന്റെ തെളിവാണ്.
മോദി സ്തുതികള്‍ തരൂര്‍ അവസാനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ശക്തമായി തുടരുകയും ചെയ്യുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ തരൂരിനെതിരെ നടപടിക്ക് ശക്തമായി പ്രേരിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ മാങ്കൂട്ടത്തിലിനു ശേഷം കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്കുള്ള ടിക്കറ്റ് തരൂരിന് ആയിരിക്കും എന്ന് ഊഹം കോണ്‍ഗ്രസിനുള്ളില്‍ ബലപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: