KeralaNEWS

ഇടത് മുന്നണിയിലേക്ക് പോയ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് കെ മുരളീധരൻ; പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യത്തിൽ തീരുമാനം

കോട്ടയം : ഇടത് മുന്നണിയിലേക്ക് പോയ കേരള കോൺഗ്രസ് (എം) യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരണമെന്ന് കെ മുരളീധരൻ എംപി. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. ആരുടെയും കുറ്റംകൊണ്ടല്ല കേരള കോൺഗ്രസ് മുന്നണി വിട്ടത്. വിട്ടുപോയ എല്ലാ പാർട്ടികളും തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്‍റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പരിഭവമില്ലെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നും കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകില്ല. കെ കരുണാകരൻ സ്മാരകത്തിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ആറാം തീയതി പറയാമെന്നാണ് പറഞ്ഞത്. മറ്റൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. വടകരയില്‍ വീണ്ടും മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

പുതുപ്പള്ളിയിൽ  ഭൂരിപക്ഷം ഉയർത്തലാണ് യുഡിഎഫിന്റെ ലക്ഷ്യം. ഉമ്മൻ ചാണ്ടി നടത്തിയ വികസനപ്രവർത്തനങ്ങളിലൂന്നിയാണ് പ്രചാരണം. ചാണ്ടി ഉമ്മന് 25,000 ൽ കൂടുതൽ ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയേറെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി എന്താണ് മാധ്യമങ്ങളെ കാണാത്തതെന്നും നരേന്ദ്രമോദിയുടെ മറ്റൊരു പതിപ്പാണ് പിണറായിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

53 വർഷം ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ എംഎൽഎ ആയി തുട‍ര്‍ന്നത് നൂലിൽ കെട്ടി ഇറക്കിയിട്ടല്ല. ഉമ്മൻചാണ്ടിയുടെ സ്വീകാര്യത പിണറായിയെ ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. ഇടത് മുന്നണി കേരളം ഭരിക്കുന്ന കഴിഞ്ഞ ഏഴര വർഷമായി നടക്കുന്നത് അഴിമതിയും സ്വജന പക്ഷപാതവുമാണ്. പ്രതിപക്ഷനേതാവിന്‍റെ ഏഴ് ചോദ്യങ്ങളിൽ ഒരെണ്ണത്തിന് പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. മകൾക്കെതിരെ ഉണ്ടായ ആരോപണത്തിൽ എന്തുകൊണ്ട് ജുഡീഷണൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ല? പഞ്ചായത്ത് തോറും മുഖ്യമന്ത്രി വന്ന് പ്രസംഗിച്ചാലും ഇടത് സ്ഥാനാര്‍ത്ഥി ജയിക്കില്ലെന്നും ഒരു പ്രതീക്ഷയും എൽഡിഎഫ് ഈ മണ്ഡലത്തിൽ വെക്കേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

Back to top button
error: