KeralaNEWS

വീട് അറ്റകുറ്റപ്പണികള്‍ക്കായി അരലക്ഷം രൂപ വരെ ധനസഹായം

തിരുവനന്തപുരം:കേരള സര്‍ക്കാരിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമബോര്‍ഡ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് അറ്റകുറ്റപ്പണികള്‍ക്കായി അരലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്നു.

മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ‘ഇമ്ബിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നത്.

ശരിയായ ജനലുകള്‍/ വാതിലുകള്‍/ മേല്‍ക്കൂര/ ഫ്‌ളോറിംങ്/ ഫിനിഷിംങ്/ പ്ലംബിംങ്/ സാനിട്ടേഷന്‍/ ഇലക്‌ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് സഹായം.

Signature-ad

ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപ വരെയാണ് പരമാവധി സഹായം ലഭിക്കുക. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിനാണ് മുന്‍ഗണന. അപേക്ഷകയ്‌ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും.

ഏറ്റവും പുതിയ ലാന്‍ഡ് ടാക്‌സ് അടച്ച റസിപ്റ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വ.ഫീറ്റില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ആഫീസര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍/ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രവും ആണ് ആവശ്യമായ രേഖകള്‍.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതാത് ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് കളക്ടറേറ്റിലേയ്ക്ക് തപാല്‍ മുഖാന്തിരമോ അയക്കാവുന്നതാണ്.

Back to top button
error: