KeralaNEWS

റിയാസിനു പകരം വയ്ക്കേണ്ടിയിരുന്നത് സുധാകരന്റെ ചിത്രം; പരസ്യവിമര്‍ശനവുമായി ഗണേഷ് കുമാര്‍

കൊല്ലം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. പൊതുമരാമത്ത് മന്ത്രിയുടെ രീതി ശരിയല്ലെന്നും തന്നെപ്പോലെ മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി ജി.സുധാകരന്‍ നല്ല പരിഗണന നല്‍കിയിരുന്നുവെന്നു പറഞ്ഞ ഗണേഷ്, മന്ത്രി റിയാസിന്റെ ചിത്രം ഉദ്ഘാടന വേദിയിലെ ഫ്‌ളെക്‌സില്‍ വയ്‌ക്കേണ്ടതില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി. പത്തനാപുരം നിയോജക മണ്ഡലത്തിലെ കോക്കുളത്ത് ഏല പട്ടമല റോഡിന്റെ ഉദ്ഘാടനത്തിലായിരുന്നു ഗണേഷിന്റെ വിമര്‍ശനം.

”ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റിയാസിന്റെ ചിത്രമാണു സംഘാടകര്‍ വച്ചിരിക്കുന്നത്. പക്ഷേ, വയ്ക്കേണ്ടിയിരുന്നത് മുന്‍ മന്ത്രി ജി സുധാകരന്റെ ചിത്രമാണ്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയപ്പോള്‍ ആദ്യം എതിര്‍പ്പ് പറഞ്ഞു. പിന്നീട് ഹല്‍വ തരികയും സ്നേഹത്തോടെ സംസാരിക്കുകയും റോഡിനു ഫണ്ട് അനുവദിക്കാമെന്നു ഉറപ്പു തരികയുമായിരുന്നു.

Signature-ad

അദ്ദേഹത്തിനുള്ള നന്ദി കയ്യടികളോടെ നാം അറിയിക്കണം. ജി സുധാകരന്‍ ആവശ്യമായ പരിഗണന നല്‍കിയിരുന്നു. പക്ഷേ, ഇപ്പോള്‍ ഇത്തിരി പരാതിയുണ്ട്. നമുക്കു വേണ്ടതൊന്നും തരുന്നില്ല. ഇക്കാര്യം മന്ത്രി റിയാസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നെപ്പോലെ സീനിയറായ എംഎല്‍എയോട് ഈ നിലപാട് സ്വീകരിക്കുന്നതു ശരിയല്ല. ഉമ്മന്‍ ചാണ്ടി മരിച്ചശേഷം, ഇപ്പോള്‍ നിയമസഭയില്‍ തുടര്‍ച്ചയായി ജയിച്ചുവന്നവര്‍ അപൂര്‍വമാണ്. ഞാനും വിഡി സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനുമാണ് 5 തവണ തുടര്‍ച്ചയായി ജയിച്ചു വന്നിട്ടുള്ളവര്‍.

സിനിമ നടനാണ് എന്നതൊക്കെ അവിടെ നില്‍ക്കട്ടെ. സഭയില്‍ സീനിയോറിറ്റിയുണ്ട്, അതു പരിഗണിക്കണം. ഇവരെക്കാളൊക്കെ എത്രയോ മുന്‍പ്, 20 വര്‍ഷം മുന്‍പു മന്ത്രിയായ ആളാണ് ഞാന്‍. അതിന്റെ മര്യാദ കാണിക്കണം. പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും 2023ല്‍ പിഡബ്ല്യുഡി അനുവദിച്ചില്ല. ഇതില്‍ വലിയ നിരാശയുണ്ട്. ” ഗണേഷ് കുമാര്‍ പറഞ്ഞു.

Back to top button
error: