KeralaNEWS

‘എന്‍ വഴി തനി വഴി’! കാട്ടാനക്കൂട്ടവുമായി തെറ്റിപ്പിരിഞ്ഞ് അരിക്കൊമ്പന്‍ വീണ്ടും ഒറ്റയ്ക്ക്

നാഗര്‍േകാവില്‍: കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെ വനമേഖലയിലുള്ള അരിക്കൊമ്പന്‍ വീണ്ടും ഒറ്റയാനായി. ആനക്കൂട്ടവുമായി സൗഹൃദം പുലര്‍ത്തിയിരുന്ന അരിക്കൊമ്പന്‍ സംഘവുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്ക് സഞ്ചാരം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തന്നെയാണ് അരിക്കൊമ്പന്‍ ഇപ്പോഴുമുള്ളത്. മൂന്നാറില്‍ ചിന്നക്കനാലില്‍ ജനവാസമേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതിനെത്തുടര്‍ന്ന് കാടുകടത്തിയ കാട്ടാനായാണ് അരിക്കൊമ്പന്‍. തിരുനെല്‍വേലിയില്‍ പുതുനാട്ടിലെ ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പന്‍ ചേര്‍ന്നെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, ആന ഈ കൂട്ടവുമായി തെറ്റിപ്പിരിഞ്ഞെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

ചിന്നക്കനാലില്‍നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ഇവിടെ നിന്ന് തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലേക്ക് കടക്കുകയായിരുന്നു. കമ്പത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കാട്ടാനയെ ജൂണ്‍ ആദ്യവാരമാണ് തേനിയിലെ പാശാനംപെട്ടിക്കു സമീപത്തു നിന്ന് പിടികൂടിയത്. തുടര്‍ന്ന് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലേക്ക് എത്തിക്കുകയായിരുന്നു.

Signature-ad

അരിക്കൊമ്പന്റെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നും ദേഹത്ത് മുറിവുകള്‍ ഇല്ലെന്നും തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ശ്രീനിവാസ് റെഡ്ഡി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പന്റെ സഞ്ചാരദിശ കേരളം സ്ഥാപിച്ച റേഡിയോ കോളര്‍ സിഗ്‌നലിലൂടെ പെരിയാര്‍ കടുവ സങ്കേതത്തില്‍ ലഭിക്കുന്നുണ്ട്. കന്യാകുമാരി ഡിഎഫ്ഒ വഴി ആനയുടെ വിവരങ്ങള്‍ കേരള വനം വകുപ്പിനും ലഭിക്കുന്നുണ്ട്.

മുണ്ടന്‍തുറൈ മേഖലയില്‍ തുറന്നുവിട്ടശേഷം അരിക്കൊമ്പന്റെ വീഡിയോയും ചിത്രങ്ങളും തമിഴ്‌നാട് വനംവകുപ്പ് പുറത്തുവിട്ടിരുന്നു. ഇതിനിടെ ആനയുടെ ആരോഗ്യത്തെ സംബന്ധിച്ച് വിമര്‍ശനങ്ങളുയര്‍ന്നു. പിന്നീട് ചിത്രങ്ങള്‍ പുറത്തുവിടാത്തതും ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അതിനിടെ ആന പ്രദേശവുമായി ഇണങ്ങിയെന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ പ്രതികരിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു മാസത്തിനിടെ ആറുതവണയായിരുന്നു അരിക്കൊമ്പനെ ആനക്കൂട്ടങ്ങള്‍ക്കൊപ്പം കണ്ടെത്തിയത്. ക്യാമറ ട്രാക്ക് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അരിക്കൊമ്പന്‍ ആനക്കൂട്ടത്തിനൊപ്പം കാട്ടില്‍ കഴിയുന്നത് കാണാനായത്. ഇതിനിടെയാണ് അരിക്കൊമ്പന്‍ ആനക്കൂട്ടവുമായി തെറ്റിപ്പിരിഞ്ഞെന്നും ഒറ്റയ്ക്ക് സഞ്ചാരം ആരംഭിച്ചെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

 

 

Back to top button
error: