മലപ്പുറം:വള്ളിക്കുന്നില്‍ ഇന്ന് മുതൽ മൂന്നു ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു.
ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനുകള്‍ക്കും തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിനുമാണ് സ്റ്റോപ്പ് അനുവദിച്ചത്.
പുലര്‍ച്ച 05.49ന് കണ്ണൂര്‍ മെമു വള്ളിക്കുന്നിലെത്തും. തിരിച്ച് ഷൊര്‍ണൂരിലേക്കുള്ള വണ്ടി രാത്രി 08.24ന് എത്തും. തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിന് വൈകിട്ട് 3.17നാണ് വള്ളിക്കുന്നില്‍ സ്റ്റോപ്പ്.
മൂന്നു ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ പിറകില്‍തന്നെയാണ് ഇപ്പോഴും വള്ളിക്കുന്ന് റയിൽവെ സ്റ്റേഷൻ. വര്‍ഷങ്ങളായുള്ള മുറവിളിക്കൊടുവില്‍ ആരംഭിച്ച പ്ലാറ്റ്ഫോമുകള്‍ ഉയര്‍ത്തുന്ന പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിയ അവസ്ഥയാണ്.
ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ മാത്രമാണ് പ്രവൃത്തി നടന്നത്. ട്രാക്കിനോട് ചേര്‍ന്ന് ഇഷ്ടിക നിരത്തി മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോമില്‍ ഇട്ട ചെമ്മണ്ണ് മഴ പെയ്തതോടെ ചളിക്കുളമായി മാറി. ചളിയില്‍ ചവിട്ടി മാത്രമേ ഇപ്പോള്‍ ട്രെയിനില്‍ കയറാൻ കഴിയൂ. ട്രെയിൻ ഇറങ്ങുന്നവര്‍ ലഗേജ് ഇറക്കിവെക്കുന്നതും ചളിയിലാണ്. ഫെബ്രുവരിയിലാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്. ഒരു വര്‍ഷമാണ് കരാറുകാരന് പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള കാലാവധി.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ട്. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലും വൻ വര്‍ധന ഉണ്ടാവും. സ്റ്റേഷനോട് ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന റെയില്‍വേ ഭൂമിയില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
അടുത്ത കാലം വരെ ഉപയോഗമില്ലാതെ കിടന്ന റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജും പരിപാലനമില്ലാതെ നശിക്കുകയാണ്. സുരക്ഷക്ക് ഒരുക്കിയ ഇരുമ്ബ് നെറ്റുകള്‍ ഉള്‍പ്പെടെ തുരുമ്ബെടുത്ത് നശിച്ചു. നടപ്പാതയിലും വിവിധ ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുറഞ്ഞ സ്ഥലങ്ങളില്‍ മാത്രമാണ് പ്ലാറ്റ്ഫോമുകള്‍ക്ക് മേല്‍ക്കൂരയുള്ളത്. വെളിച്ചസംവിധാനങ്ങള്‍ കൂടുതല്‍ ഭാഗങ്ങളിലേക്കുകൂടി വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.