CrimeNEWS

പിറന്നാള്‍ ആഘോഷത്തിന് ബേക്കല്‍കോട്ട കാണാനെത്തി; യുവതീയുവാക്കള്‍ക്ക് നേരേ സദാചാരഗുണ്ടായിസം

കാസര്‍കോട്: മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ കോട്ട സന്ദര്‍ശിച്ച മടങ്ങിയ സുഹൃത്തുക്കളെയാണ് മൂന്നംഗ സംഘം തടഞ്ഞുവച്ച് ആക്രമിച്ചത്. നാലുയുവാക്കളും നാലു സ്ത്രീകളുമാണ് ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തിയത്.

വാഹനത്തില്‍ ഏറെ സമയം ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നാട്ടുകാര്‍ അക്രമിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ചെയ്തതായി ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്നുപേരെ മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

Signature-ad

പ്രദേശത്തെ അബ്ദുള്‍ മന്‍സൂര്‍, അഫീഖ്, മുഹമ്മദ് നിസാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിറന്നാള്‍ ആഘോഷിക്കാനെത്തിയ സുഹൃത്തുക്കള്‍ക്കുനേരെ ഞായാറാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. ആറുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. മഴയായതിനാല്‍ പുറത്തിറങ്ങാനാകാതെ വന്നതോടെ ഇവര്‍ കാറില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇതു കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനെതിരെ സംസാരിച്ചതിന് ആദ്യം പെണ്‍കുട്ടിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. ഇത് ചോദ്യം ചെയ്തതോടെ മുന്നിലിരുന്ന ആണ്‍കുട്ടിയെയും സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് ഇരുകൂട്ടരുടെയും വാക്കേറ്റം സംഘര്‍ഷവാസ്ഥയിലെത്തിയതോടെ പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് കാറിലുണ്ടായിരുന്നവരെ തടഞ്ഞുവച്ച നാട്ടുകാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ തടഞ്ഞു വയ്ക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും കാസര്‍കോട് ഡിവൈഎസ്പി വ്യക്തമാക്കി. പിന്നീട് പരാതിക്കാരായ ആറുപേരെയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പിന്നീട് അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടയച്ചു.

 

 

Back to top button
error: