അടൂർ പതിനാലാം മൈലിൽ നിന്നും കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വയോധികനെ പിന്തുടര്ന്ന് മാല പൊട്ടിച്ച കേസില്‍ പ്രധാന പ്രതിയായ കായംകുളം പേരിങ്ങല മാരൂര്‍തറ പടീറ്റതില്‍ മുഹമ്മദ് അന്‍വര്‍ഷാ(24)യെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകിക്ക് പിന്നാലെയാണ് ഇപ്പോൾ കാമുകനും പോലീസ് പിടിയിലാവുന്നത്.
ഇയാളുടെ കാമുകി കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കല്‍ കോളനിയില്‍ ശിവജി വിലാസം വീട്ടില്‍ സരിത(27)യെ സംഭവ സ്ഥലത്തു നിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് പതിനാലാം മൈലില്‍ കട നടത്തുന്ന പെരിങ്ങനാട് സ്വദേശി തങ്കപ്പന്റെ (61) അഞ്ചു പവന് തൂക്കം വരുന്ന മാല ബൈക്കിലെത്തി പ്രതികള്‍ പൊട്ടിച്ചെടുത്തത്.ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സരിതയെ പിടികൂടിയെങ്കിലും അൻവർഷാ കടന്നുകളഞ്ഞു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി സരിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊട്ടിച്ചെടുത്ത സ്വര്‍ണമാലയും സരിതയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്തു നിന്നും ശേഷം രക്ഷപ്പെട്ട അന്‍വര്‍ഷായെ നാട്ടുകാരും പോലീസും രാത്രി മുഴുവന്‍ പരിസര പ്രദേശങ്ങളിൽ തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.
പിന്നീട് അടൂരിന് സമീപം കറ്റാനത്ത് ഇയാള്‍ ഒളിവില്‍ താമസിക്കുന്നതായി അറിഞ്ഞു പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നാലെ പാഞ്ഞ പോലീസ് സംഘം 40 കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം ഓമല്ലൂർ കൈപ്പട്ടൂര്‍ ജങ്ഷനു സമീപം വച്ച് ഇയാളെ കീഴടക്കുകയായിരുന്നു. എസ്.ഐ എം മനീഷ്, സി പി ഓമാരായ സൂരജ് ആര് കുറുപ്പ്, എം ആര് മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാര്‍ച്ചില്‍ തെങ്ങമം കോണത്ത് കാവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയതും ഈ പ്രതികളാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.