KeralaNEWS

മന്ത്രിമാര്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നത് പാര്‍ട്ടി നിലപാട്; റിയാസിന് പിന്തുണയുമായി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാഷ്ട്രീയപരമായ കാര്യങ്ങള്‍ മന്ത്രിമാര്‍ ശരിയായ ദിശാബോധത്തോടെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് അക്രമിക്കാന്‍ ശ്രമം നടത്തുമ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ബാധ്യത പാര്‍ട്ടിയിലെ മന്ത്രിമാര്‍ക്കുണ്ടെന്ന പി.എ മുഹമ്മദ് റിയാസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാര്‍ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പ്രതികരിക്കണമെന്നത് പാര്‍ട്ടി നിലപാടാണ്. മന്ത്രിമാരായതിനാല്‍ അവര്‍ രാഷ്ട്രീയം സംസാരിക്കാന്‍ പാടില്ലെന്ന നിലപാട് സി.പി.എമ്മിനില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൂട്ടായ്മയോടെ മുന്നോട്ട് പോകുക എന്നാണ് ഉദ്ദേശിക്കുന്നത്. മുഹമ്മദ് റിയാസുമായി വിഷയം ചര്‍ച്ച ചെയ്തു. അതിനെ വ്യാഖ്യാനിച്ച് വിശദീകരിച്ച് മറ്റ് തലങ്ങളിലേക്ക് എത്തിക്കുകയാണ്. മന്ത്രിമാരെല്ലാം നല്ലതുപോലെ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

അതേസമയം, പ്രതിച്ഛായ എന്ന പ്രയോഗം തന്നെ കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പ്രതിച്ഛായ എന്നത് വലതുപക്ഷ പ്രയോഗമാണ്. പാര്‍ട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായയെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിരോധം തീര്‍ക്കുക എന്നത് പാര്‍ട്ടിയിലെ എല്ലാവരും നിര്‍വഹിച്ച് പോരുന്ന ചുമതലയാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെന്നുമാണ് മുഹമ്മദ് റിയാസിന്റെ പ്രതിച്ഛായ പരാമര്‍ശത്തോട് പ്രതികരിച്ച എം ബി രാജേഷ് വിശദീകരിച്ചത്. മന്ത്രിയായാലും അല്ലെങ്കിലും ഇത് ചെയ്യണമെന്നും എം.ബി രാജേഷ് പ്രതികരിച്ചു.

Back to top button
error: