
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ എ ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി.രാവിലെ എട്ട് മണിമുതലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാൻ ആരംഭിച്ചത്.
അതേസമയം പിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയ്ക്കാണ് നല്‍കേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്. അപ്പീല്‍ നല്‍കുന്നതിന് രണ്ടുമാസത്തിനുള്ളില്‍ ഓണ്‍ലൈൻ സംവിധാനവും ഒരുങ്ങും. ദിവസവും 25,000 നോട്ടിസ് വീതമാകും അയയ്ക്കുക. പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്‌കരിക്കും. തപാല്‍ വഴിയാകും നിയമലംഘനം അറിയിക്കുക.
സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളില്‍ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ മൊബൈല്‍ നമ്ബര്‍, ഇ മെയില്‍ ഐ.ഡി തുടങ്ങിയവ മോട്ടര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടലില്‍ ഇല്ലാത്തതുകൊണ്ടാണ് എസ്.എം.എസ് അയയ്ക്കാനാകാത്തത്.
സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളില്‍ 692 എണ്ണമാണ് പിഴ ഈടാക്കുന്നത്. ഇന്നലെ വൈകിട്ട് ആറോടെ ക്യാമറകളുടെ ട്യൂണിംഗ് പൂര്‍ത്തിയായിരുന്നു. ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.






