Breaking NewsIndiaLead NewsSports

ഡീകോക്കിന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക ശക്തമായി തിരിച്ചടിച്ചു; തിലക് വര്‍മ്മ അവസാനം വരെ പൊരുതി നോക്കിയിട്ടും വീണുപോയി ; സഞ്ജുവിന് പകരം ടീമില്‍ കളിപ്പിച്ച ഗില്‍ നേരിട്ട ആദ്യ പന്തില്‍ മടങ്ങി

ചണ്ഡീഗഡ്: ഇന്ത്യയ്ക്ക് എതിരേയുള്ള രണ്ടാം ടി20 മത്സരത്തില്‍ ശക്തമായി തന്നെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചപ്പോള്‍ ഇന്ത്യയ്ക്ക് കനത്ത പ്രഹരം. മത്സരം 51 റണ്‍സിന് തോറ്റു. ക്വിന്റണ്‍ ഡീക്കോക്കിന്റെ വെടിക്കെട്ട് അര്‍ദ്ധശതകമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. തിലക് വര്‍മ്മയുടെ അര്‍ദ്ധശതകം പാഴാകുകയും ചെയ്തു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നതാണ് തോല്‍വിക്ക് കാരണം. രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ടി20 പരമ്പര 1-1 എന്ന നിലയിലായി.

ടോസ് നേടിയ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കിന്റെ വെടിക്കെട്ടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും പഞ്ഞിക്കിട്ട ഡീകോക്ക് 46 പന്തില്‍ 90 റണ്‍സാണ് നേടിയത്. റീസാ ഹെന്‍ട്രിക് എട്ട് റണ്‍സിന് പുറത്തായെങ്കിലും 29 റണ്‍സ് എടുത്ത മാര്‍ക്രവും 30 റണ്‍സ് എടുത്ത ഡോണോ വാന്‍ ഫെരേരയും 20 റണ്‍സ് എടുത്ത ഡേവിഡ് മില്ലറുമായി ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ പതിയെ പതിയെ ഉയര്‍ത്തിക്കൊണ്ടു വന്നു. ഡിവാള്‍ഡ് ബ്രെവിസ് 14 റണ്‍സും നേടി.

Signature-ad

ഡീകോക്കിന്റെ 90 ല്‍ ഏഴു സിക്‌സറുകളും അഞ്ചു ബൗണ്ടറികളും ഉണ്ടായിരുന്നു. ഡോണോ വാന്‍ ഫെരേര മൂന്ന് സിക്‌സര്‍ പറത്തി. മാര്‍ക്രത്തിന്റെ ഇന്നിംഗ്‌സില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും ഉണ്ടായിരുന്നു. മറ്റുള്ളവരെല്ലൊം ഓരോ സിക്‌സറും ഒരു ബൗണ്ടറി വീതവും പറത്തി. കൂടുതല്‍ പരിക്കേറ്റത് ജസ്പ്രീത് ബുംറെയ്ക്കും അര്‍ഷദീപ്് സിംഗിനുമായിരുന്നു. നാല് ഓവറുകള്‍ എറിഞ്ഞപ്പോള്‍ അര്‍ഷദീപ് വഴങ്ങിയത്് 54 റണ്‍സായിരുന്നു. ബുംറെ 45 റണ്‍സ് വഴങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി തിളങ്ങിയത് തിലക് വര്‍മ്മ മാത്രമായിരുന്നു. 34 പന്തുകളില്‍ 62 റണ്‍സ് എടുത്ത തിലക് വര്‍മ്മ അഞ്ചു സിക്‌സറുകളും രണ്ടു ബൗണ്ടറികളും പറത്തി. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് അപ്പാടെ പാളിയതാണ് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തിലെ അര്‍ദ്ധശതകക്കാരന്‍ ഹര്‍ദിക് പാണ്ഡ്യ 20 റണ്‍സിനും അക്‌സര്‍പട്ടേല്‍ 21 റണ്‍സിനും പുറത്തായി. നേരത്തേ സഞ്ജുവിന് പകരക്കാരനായി സൂര്യകുമാര്‍ യാദവ് വിശ്വാസം അര്‍പ്പിച്ച ഉപനായകന്‍ ഗില്‍ ആദ്യ പന്തില്‍ തന്നെ മടങ്ങി. ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 17 റണ്‍സ് എടുത്തപ്പോള്‍ നായകന്‍ സൂര്യകുമാര്‍ യാദവ് അഞ്ചു റണ്‍സിനും പുറത്തായപ്പോള്‍ ഇന്ത്യ ഞെട്ടി.

Back to top button
error: