ആദ്യത്തെ കേസില്‍ അറസ്റ്റ് ഒഴിവായി രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യവും ; എംഎല്‍എ ഓഫീസും തുറന്നു, അവിടെയെത്തി രാഹുല്‍ മാങ്കുട്ടത്തില്‍ ; ഒളിവില്‍ നിന്നും പുറത്തുവന്നു വോട്ടു ചെയ്തു, ഇനി മണ്ഡലത്തില്‍ സജീവമാകും

പാലക്കാട് : ആദ്യത്തെ കേസില്‍ അറസ്റ്റ് ഒഴിവാക്കുകയും രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ജാമ്യവും കിട്ടിയ സാഹചര്യത്തില്‍ പാലക്കാട് തന്റെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ വോട്ടു ചെയ്യാനെത്തിയിരുന്നു. എന്നിരുന്നാലും രാഹുലിനെതിരേ സംഘടന നടപടിയെടുത്തിരിക്കുകയും 15 ാം തീയതി ഹൈക്കോടതി മൂന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയുമാണ്.
രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞശേഷം ഇന്ന് വോട്ട് രേഖപ്പെടുത്താന്‍ പാലക്കാട്ട് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി. കുന്നത്തൂര്‍മൂട് ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് ഓഫീസിലെത്തിയത്. കര്‍ശനമായ ഉപാധികളോടെയാണ് രാഹുലിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുക അന്വേഷണത്തില്‍ ഇടപെടാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഉപാധി. ഇതനുസരിച്ച് രാഹുലിന് ഇനിയും ഒളിവില്‍ പോകാനും കഴിയാത്ത സ്ഥിതിയുണ്ട്. ഹൈക്കോടതി ആദ്യകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ ജയിലില്‍ പോകേണ്ടിവരും. രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
പറയാനുള്ളത് കോടതിയില്‍ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നുമായിരുന്നു ഒളിവില്‍ നിന്നും പുറത്തുവന്ന ശേഷം രാഹുലിന്റെ ആദ്യപ്രതികരണം. മണ്ഡലത്തില്‍ സജീവമായി ഉണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്ന രാഹുല്‍ നവംബര്‍ 27ന് യുവതി തെളിവുകള്‍ സഹിതം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് ഒളിവില്‍പ്പോയത്.
പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേല്‍പ്പിച്ചെന്നും ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയും രാഹുലിനെതിരെ പരാതി നല്‍കുകയായിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ പരാതി നേരെ ഡിജിപിയ്ക്ക് അപ്പോള്‍ തന്നെ കൈമാറി. പിന്നീട് 23 കാരി പോലീസിന് മൊഴി നല്‍കുകയും ചെയ്തു. അതേസമയം ഇതില്‍ സംശയം പ്രകടിപ്പിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.






