ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് മഹാരാഷ്ട്ര ബി.ജെ.പി എം.പി പ്രിതം മുണ്ടെ. ഈ രീതിയിൽ ഗൗരവമേറിയ ഒരു പരാതി ഏതെങ്കിലും സ്ത്രീ ഉന്നയിക്കുമ്പോൾ അത് അതിന്റേതായ ഗൗരവത്തോടെ പരിശോധിക്കപ്പെടണമെന്ന് മുണ്ടെ പറഞ്ഞു. കേസിൽ നടപടിയുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും അവർ വ്യക്തമാക്കി. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുണ്ടെ.
ഒരു എം.പി എന്ന നിലയിലല്ല, മറിച്ച് ഒരു സ്ത്രീ എന്ന നിലയിലാണ് തന്റെ പ്രതികരണമെന്ന് പ്രിതം മുണ്ടെ പറഞ്ഞു. ഇത്തരമൊരു പരാതി ഒരു സ്ത്രീ ഉന്നയിച്ചാൽ അത് വ്യക്തമായി പരിശോധിക്കണം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയാകുന്നുണ്ടെന്ന് അന്താരാഷ്ട റെസിലിങ് ഫെഡറേഷന്റെ ഇടപെടൽ ചൂണ്ടിക്കാട്ടി അവർ വ്യക്തമാക്കി.
താൻ ബി.ജെ.പി സർക്കാരിന്റെ ഭാഗമാണ്. എന്നാൽ പ്രസ്തുത വിഷയത്തിൽ സർക്കാർ കൃത്യമായ രീതിയിൽ താരങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് അംഗീകരിക്കുന്നു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം രാജ്യത്തിനാണ് ആദ്യ പരിഗണന. ഈ രീതിയിലുള്ള പ്രതിഷേധം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെങ്കിൽ അത് ഗൗരവമായി കരുതേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ ഹരിയാണയിലെ ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങും താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. താരങ്ങൾ അവരുടെ മെഡലുകൾ ഗംഗയിലെറിയുന്നത് നിർഭാഗ്യകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം താരങ്ങളുടെ പരാതിയിൽ ബ്രിജ്ഭൂഷൺ ശരൺ സിങിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ വെള്ളിയാഴ്ച പുറത്ത് വന്നു. പരിശീലന കേന്ദ്രങ്ങൾ, വിവിധ അന്താരാഷ്ട്ര വേദികൾ, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉൾപ്പടെ എട്ടു സ്ഥലങ്ങളിൽ വെച്ച് ലൈംഗികമായി അതിക്രമിച്ചു. ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളിൽ അനുവാദമില്ലാതെ സ്പർശിച്ചു എന്നിങ്ങനെയാണ് എഫ്.ഐ.ആറിൽ പറയുന്നത്.