CrimeNEWS

ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി; വിചാരണ നടപടികൾ വൈകാതെ തുടങ്ങിയേക്കും

തിരുവനന്തപുരം: ഷാരോൺ വധക്കേസ് ഒന്നാം പ്രതി പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡിഷണൽ സെഷൻ ജഡ്ജി വിദ്യാധരൻ ആണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. ഏറെ കോളിളക്കവും വിവാദവും സൃഷ്ടിച്ച കേസായിരുന്നു ഷാരോൺ വധക്കേസ്. കേസ് തെളിയിക്കപ്പെട്ടത് മുതൽ കഴിഞ്ഞ അഞ്ച് മാസക്കാലമായി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്നു. ഗ്രീഷ്മയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ഷാരോൺ രാജിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും ഈ കാലയളവിലും പ്രതിക്ക് ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകാൻ കഴിയുമെന്ന് കോടതി പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ​പ്രതി ജാമ്യാപേക്ഷ നൽകിയത്. ഇത് കോടതി തള്ളുകയും ചെയ്തു. ഇനി വൈകാതെ കേസിന്റെ വിചാരണ നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച കേസ്, ആദ്യം പാറശ്ശാല പോലീസും തുടർന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. കീടനാശിനി കയ്പുള്ള കഷായത്തിൽ കലർത്തിനൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ ഷാരോൺ രാജിനെ സെക്സ് ചാറ്റിലൂടെയും മറ്റും ആകർഷിച്ച് ഗ്രീഷ്മ ഒക്ടോബർ 14-ന് രാവിലെ പത്തരയ്ക്ക് തന്ത്രത്തിൽ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. അമ്മാവൻ നിർമ്മല കുമാരൻ വഴിയാണ് കീടനാശിനി സംഘടിപ്പിച്ചതെന്നും തെളിവുനശിപ്പിക്കാൻ അമ്മ സിന്ധുവും നിർമ്മല കുമാരനും സഹായിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ഗ്രീഷ്മയുടെ ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജാതകത്തിലുണ്ടായിരുന്നു. ഈ ദോഷം തീർക്കാൻ ഗ്രീഷ്മയെ അമ്മയും അമ്മാവനും ചേർന്ന്, സംഭവം നടക്കുന്നതിന് ആറു മാസം മുൻപ്, ഷാരോണുമായി രഹസ്യവിവാഹം നടത്തി. ആദ്യ വിവാഹം ഒഴിപ്പിക്കാനായി മൂവരും ചേർന്ന് ഷാരോൺ രാജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. വിഷം കലർത്തിയ കഷായം കുടിച്ചതിനെത്തുടർന്ന് ആശുപത്രിയിലായ ഷാരോൺ ഒക്ടോബർ 25-ന് മരിച്ചു. ഒക്ടോബർ 30-ന് ഗ്രീഷ്മയും 31-ന് അമ്മ സിന്ധുവും അമ്മാവൻ നിർമ്മല കുമാരനും അറസ്റ്റിലായി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: