IndiaNEWS

കോടികള്‍ വിലവരുന്ന ലഹരിമരുന്ന് തന്ത്രപരമായി കൊച്ചി ആഴക്കടലിൽ എത്തിച്ച് പിടികൂടിയത് എന്‍ബിസി-നേവി ഉദ്യോഗസ്ഥർ

കൊച്ചി: കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുമായി കപ്പൽ പാക്കിസ്ഥാനിൽ നിന്നും പുറപ്പെട്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച് നേവിയുടെ സഹായത്തോടെ പിടികൂടുകയായിരുന്നെന്ന്  മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ.
കൊച്ചി ആഴക്കടലില്‍ നിന്നു കോടികള്‍ വിലവരുന്ന ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ കഴിഞ്ഞ മേയ് 13ന് പിടികൂടിയത്.ഇന്ത്യ, ആഫ്രിക്ക, ഇന്തോനേഷ്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ.ഇറാൻ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുറമുഖ പട്ടണമായ ജിവാനിയില്‍ നിന്നാണ് കപ്പൽ യാത്ര തിരിച്ചത്.
മയക്കുമരുന്ന് കടത്ത് ശ്രമങ്ങള്‍ എൻസിബി നേരത്തെ തകര്‍ത്തിട്ടുണ്ടെങ്കിലും, ഇന്ത്യൻ ഏജൻസി ഒരു മദര്‍ഷിപ്പ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമാണ്. ‘ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ’ ഭാഗമായിരുന്നു ഈ പിടിച്ചെടുക്കല്‍. 2022 ജനുവരിയില്‍ എൻസിബി ആരംഭിച്ച ഈ ഓപ്പറേഷൻ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉത്ഭവിക്കുന്ന ലഹരിമരുന്നിന്റെ കടലിലൂടെയുള്ള കടത്ത് തടയുക എന്നതാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തെക്കൻ റൂട്ടിലൂടെയുള്ള കടല്‍ കടത്തുമായി ബന്ധപ്പെട്ട് എൻസിബി നടത്തുന്ന മൂന്നാമത്തെ വലിയ ഓപ്പറേഷനാണിത്.

മദര്‍ഷിപ്പിനെക്കുറിച്ച്‌ ബ്യൂറോയ്ക്ക് ലഭിച്ച വ്യക്തമായ സൂചന അനുസരിച്ചായിരുന്നു മേയ് 13ലെ ഓപ്പറേഷൻ.എൻസിബിയിലെയും നാവികസേനയിലെയും ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കെണിയിലൂടെ അവരെ അന്താരാഷ്ട്ര സമുദ്രാതിർത്തി വഴി കൊച്ചി ആഴക്കടലിൽ എത്തിക്കുകയായിരുന്നു.

 

കുപ്രസിദ്ധ ഹാജി സലിം മയക്കുമരുന്ന് കാര്‍ട്ടലില്‍ അംഗമായ പാക്കിസ്ഥാൻ പൗരനായ സുബൈര്‍ ദേരക്ഷാന്ദെഹ് (29)നെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ അഞ്ച് വര്‍ഷമായി സുബൈര്‍ ആണ് ഈ‌ റൂട്ടിൽ ഇവയുടെ വിതരണം.ഇന്ത്യ, ആഫ്രിക്ക, ഇന്തോനേഷ്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഏകദേശം 20 ദിവസമാണ് നീണ്ടുനില്‍ക്കുന്നത്. ഓരോ സന്ദര്‍ശനത്തിനും സുബൈറിന് ലഭിക്കുന്നത് 5 ലക്ഷം രൂപയാണ്.
132 ബാഗുകളുമാണ് സുബൈറിന്റെ കൈയില്‍നിന്നു ലഭിച്ചത്. 2,525 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ഏകദേശം 25,000 കോടി രൂപ വിലമതിക്കുന്ന ലഹരിവേട്ടയാണിത്. നിയമവിരുദ്ധമായ ലഹരിമരുന്ന് വിപണിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച ഗുണനിലവാരമുള്ള മെത്താംഫെറ്റാമൈൻ ആണിതെന്ന് ഒരു എൻസിബി ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
ആഴക്കടലിൽ നിന്ന് പിടികൂടിയ ലഹരിമരുന്ന് കൊച്ചിയിൽ എത്തിച്ചപ്പോൾ
“മേഖലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരില്‍ ഒരാളാണ് സലിം.ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് നിരോധിത മരുന്നുകള്‍ വാങ്ങി തന്റെ ലാബുകളില്‍ അത് പ്രൊസസ് ചെയ്യുകയും ബലൂചിസ്ഥാൻ മേഖലയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പ്രൊസസ് ചെയ്ത മരുന്നുകള്‍ ( ഹെറോയിൻ, മെത്താംഫെറ്റാമൈൻ ) ഈ ലാബുകളില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടല്‍ മാര്‍ഗങ്ങളിലൂടെ കടത്തും.ഓരോ കയറ്റുമതിക്കും സാധാരണയായി 1,500-2,500 കിലോഗ്രാം ഭാരം വരും. സലിമിന്റെ ലാബുകളില്‍ നിന്നു എത്തിക്കുന്ന ഇവയില്‍ ‘555’, ‘999’, ‘പറക്കുന്ന കുതിര’, ‘സ്കോര്‍പിയോണ്‍’ എന്നിങ്ങനെ ബ്രാൻഡ് ചെയ്ത ചിഹ്നങ്ങള്‍ ഉണ്ടാകും,”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Back to top button
error: