പുരസ്കാരങ്ങൾ വാരിക്കൂട്ടിയ അരവിന്ദന്റെ വിശ്രുത ചിത്രം ‘എസ്തപ്പാൻ’ എത്തിയിട്ട് 43 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
അരവിന്ദന്റെ ‘എസ്തപ്പാന്’ 43 വയസ്സായി. 1980 ഏപ്രിൽ 24 നാണ് രാജൻ കാക്കനാടൻ ടൈറ്റിൽ വേഷത്തിലഭിനയിച്ച ഈ വിശ്രുത ചിത്രം റിലീസ് ചെയ്തത്. മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ സംസ്ഥാന അവാർഡുകൾ ചിത്രം നേടി. കാവാലവും ഐസക് തോമസ് കൊട്ടുകാപ്പള്ളിയും അരവിന്ദനും ചേർന്നാണ് തിരക്കഥ. ഐസക് സഹസംവിധാനവും നിർവ്വഹിച്ചു. ചിത്രീകരണം കൊല്ലം ചവറ കരിത്തുറ പ്രദേശങ്ങളിലായിരുന്നു.
പല നാട്ടിലും പ്രചാരത്തിലുള്ള അതീന്ദ്രിയ സിദ്ധികളുള്ള അമാനുഷനെക്കുറിച്ചാണ് സിനിമ. ആത്മീയസ്പർശമുള്ള ഹീറോയിസമാണ് എസ്തപ്പാന്റേത്. അഭിനവകാലത്തെ ക്രിസ്തുവായും എസ്തപ്പാനെ കാണാം.
എസ്തപ്പാനെക്കുറിച്ച് നാട്ടുകാർ വീര കെട്ടുകഥകൾ പറയുന്നിടത്താണ് തുടക്കം. ഞങ്ങൾ ജയിക്കുമോ എന്ന് എസ്തപ്പാനെക്കൊണ്ട് പ്രവചിപ്പിക്കാനായി കുട്ടികൾ അടുത്ത് കൂടുമ്പോൾ അയാൾ പറയുന്നത് ഒന്നുമില്ലാത്തവന് ജയവുമില്ല, തോൽവിയുമില്ല എന്നാണ്. പട്ടിണി മൂത്ത ഒരുത്തൻ മുതലാളിയുടെ പറമ്പിൽ നിന്ന് കായക്കുല മോഷ്ടിക്കുമ്പോൾ അവനെ സഹായിച്ച് പകരം ആൾക്കൂട്ട വിചാരണയ്ക്ക് നിന്നു കൊടുക്കുന്നുണ്ട് എസ്തപ്പാൻ. അനുഗ്രഹം കിട്ടിയ ആളാണ് എസ്തപ്പാനെന്നും ആൾ ശരിപ്പുള്ളിയല്ലെന്നും നാട്ടുകാർക്ക് വിഭിന്നാഭിപ്രായങ്ങളുണ്ട്.
വൈദ്യൻ രക്ഷയില്ലെന്ന് പറഞ്ഞ രോഗിയായ കുട്ടി എസ്തപ്പാന്റെ ദിവ്യസ്പർശത്താൽ സുഖം പ്രാപിക്കുന്നു.
നാട്ടുകാരെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത് എസ്തപ്പാന്റെ കഴുത്തിൽ തുണി ചുറ്റി കഴുക്കോലിൽ തൂങ്ങിക്കൊണ്ടുള്ള ഉറക്കമായിരുന്നു. ഭ്രാന്തനെന്ന് ചാപ്പ കുത്തി കുട്ടികൾ കല്ലെറിയുമ്പോൾ അയാൾ തിരിച്ചറിയുന്നത് അപ്പമാണ്! ‘കണ്ടില്ലെങ്കിലും എനിക്ക് വിശ്വാസമാ’ എന്നാണ് നാട്ടുകാരുടെ പക്ഷം. അസാധാരണമായ ഒരു ജീവിതം അയാൾ ജീവിച്ചു തീർത്തു എന്നാണ് ചിത്രം പറയുന്നത്.
ഗാനങ്ങൾ ഇല്ലായിരുന്നു. സംഗീതത്തിൽ അരവിന്ദന്റെ പങ്കാളിത്തമുണ്ടായിരുന്നു. ജനറൽ പിക്ചേഴ്സിന്റെ ബാനറിലായിരുന്നു നിർമ്മാണം.