CrimeNEWS

12കാരനെ പിതൃസഹോദരി ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസ്: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് 12 വയസ്സുകാരനെ പിതൃസഹോദരി ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. നാളെത്തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, സംഭവത്തിന് പിന്നിലെ ആസൂത്രണം കണ്ടെത്തണമെന്ന ആവശ്യവുമായി പ്രതി താഹിറയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ പൊലീസ് അപേക്ഷ നൽകും.

കൊയിലാണ്ടി അരിക്കുളത്ത് 12കാരൻ അഹമ്മദ് ഹസ്സൻ റിഫായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ആസൂത്രണം നടന്നെന്ന പൊലീസ് നിഗമനം വന്നതോടെയാണ് ബാലാവകാശ കമ്മീഷൻ ഇടപെടുന്നത്. ഹസ്സന്‍റെ പിതൃസഹോദരി താഹിറ നടത്തിയ ആസൂത്രണം, നേരത്തെ അപായപ്പെടുത്താൻ ശ്രമം നടത്തിയിരുന്നോ എന്നതുൾപ്പടെ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിന്‍റെ അന്വേഷണ പുരോഗതിയുൾപ്പെടെ ചേർത്ത് റിപ്പോർട്ട് നൽകാൻ കൊയിലാണ്ടി പൊലീസിനോട് തിങ്കളാഴ്ച തന്നെ കമ്മീഷൻ ആവശ്യപ്പെടും. ഹസ്സൻ റിഫായിയുടെ മാതാപിതാക്കളുൾപ്പെടെയുളളവരെ കൊലപ്പെടുത്താനാണ് പ്രതി താഹിറ പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസ് കരുതുന്നത്.

Signature-ad

സംഭവ ദിവസം ഹസൻ മാത്രം ഐസ്ക്രീം കഴിച്ചതും മറ്റാരും വീട്ടിലില്ലാതിരുന്നതും കൊണ്ട് വൻ ദുരന്തം ഒഴിവായി. കുടുംബപ്രശ്നങ്ങൾ കാരണമാണ് സ്വന്തം സഹോദരന്‍റെ കുടുംബത്തെ ഇല്ലാതാക്കാൻ താഹിറയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. എന്നാൽ കാരണമെന്തെന്ന് താഹിറ വ്യക്തമായി മറുപടി നൽകിയിട്ടില്ല. ഗുരുതര മാനസിക പ്രശ്നങ്ങൾ ഇവർക്കില്ലെന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ ആസൂത്രണം ഉണ്ടെന്നും കൂടുതൽ ആർക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിലാവശ്യപ്പെട്ട് തിങ്കളാഴ്ച തന്നെ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.

Back to top button
error: