KeralaNEWS

പെണ്‍കുട്ടികളെ കുടുക്കുന്ന പ്രണയക്കെണി കൂടുന്നു; ഇടയലേഖനവുമായി തലശേരി ആര്‍ച്ച് ബിഷപ്പ്

കണ്ണൂര്‍: പ്രണയക്കെണിയില്‍ പെണ്‍കുട്ടികളെ കുടുക്കുന്നത് വര്‍ധിക്കുന്നുവെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ആണിനും പെണ്ണിനും തുല്യ അവകാശം ഉറപ്പുവരുത്തണമെന്നും ഈസ്റ്റര്‍ ദിന ഇടയലേഖനത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്.

ആണ്‍മക്കളെ പോലെ പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശം ഉറപ്പു വരുത്തണം. വിവാഹ സമയത്ത് വിലപേശി വാങ്ങേണ്ട വസ്തുവല്ല സ്ത്രീ. പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി സമുദായം ഇനിയും വേണ്ടരീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ല. സഭയിലും സമുദായത്തിലും സ്ത്രീകള്‍ അവഗണന നേരിടുകയാണെന്നും ഇടയ ലേഖനത്തില്‍ പറയുന്നു.

Signature-ad

പെണ്‍മക്കള്‍ക്കു തുല്യ അവകാശം ലഭിച്ചാല്‍ കല്യാണ സമയത്തുള്ള ആഭരണ ധൂര്‍ത്തിന് അറുതി വരുത്താന്‍ കഴിയും. വധുവിന്റെ വീട്ടില്‍ നിന്നു ലഭിക്കുന്ന തുകകൊണ്ടു കല്യാണം ആര്‍ഭാടമാക്കാന്‍ ശ്രമിക്കുന്ന പ്രവണത അനഭിലഷണീയമാണ്. ഭാര്യയ്ക്കു വിഹിതമായി ലഭിക്കുന്ന പിതൃസ്വത്ത് തലമുറകള്‍ക്കു വേണ്ടിയുള്ള കരുതലായി സൂക്ഷിക്കാം. സ്ത്രീയാണു യഥാര്‍ഥ ധനമെന്നു തിരിച്ചറിയാന്‍ വൈകിയതിന്റെ അനന്തരഫലമാണു വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ചില യുവാക്കളുടെയെങ്കിലും ജീവിതം.

സ്ത്രീധന സമ്പ്രദായം സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ദോഷകരമായി ബാധിക്കുന്നു. 35 വയസ്സു കഴിഞ്ഞിട്ടും വിവാഹിതരാകാത്ത നാലായിരത്തോളം വിവാഹാര്‍ഥികളായ പുരുഷന്മാര്‍ നമുക്കിടയിലുണ്ട്. ഇവരില്‍ ചിലരുടെയെങ്കിലും വിവാഹാലോചനകള്‍ നല്ലപ്രായത്തില്‍ സ്ത്രീധന വിഷയത്തില്‍ തട്ടി വഴിമുട്ടിയതാണെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീധനത്തിനുള്ള തുക സ്വരുക്കൂട്ടാനുള്ള വ്യഗ്രതയില്‍ ജോലി സമ്പാദിച്ച ശേഷവും വിവാഹത്തിനു വേണ്ടി കാത്തിരിക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. ഗാര്‍ഹിക പീഡനങ്ങളും പെണ്‍കുട്ടികളോടുള്ള വിവേചനവും കുടുംബത്തെ കുറിച്ചുള്ള ദൈവിക പദ്ധതികളെ തകിടം മറിക്കുന്ന തിന്മകളാണ്. അമ്മമാരുടെയും സഹോദരിമാരുടെയും മക്കളുടെയും കണ്ണുനിറയാതിരിക്കാനുള്ള കരുതല്‍ വേണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

Back to top button
error: