CrimeNEWS

കുണ്ടറ സി.ഐയ്‌ക്കെതിരേ ഫെയ്സ്ബുക്കില്‍ വ്യാജപ്രചാരണം; ദമ്പതിമാര്‍ക്കെതിരേ കേസ്

കൊല്ലം: സാമൂഹിക മാധ്യമത്തിലൂടെ സി.ഐയേയും പോലീസ് സേനയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് ആറുപേര്‍ക്കെതിരെ കേസ്. കുണ്ടറ സ്വദേശികളായ ദമ്പതിമാര്‍ക്കെതിരേയും രണ്ട് ഓണ്‍ലൈന്‍ ഫെയ്സ്ബുക്ക് പേജ് നടത്തിപ്പുക്കാര്‍ക്കെതിരേയുമാണ് കേസെടുത്തത്.

കുണ്ടറ സ്വദേശികളായ നീനു നൗഷാദ്, ഭര്‍ത്താവ് സജീവ്, ‘െകാട്ടാരക്കര വാര്‍ത്തകള്‍’, ‘കേരള ടുഡേ’ എന്നീ ഫെയ്സ്ബുക്ക് പേജുകളുടെ അഡ്മിന്മാര്‍, അവതാരകര്‍ എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 15-ന് അയല്‍വാസികള്‍ക്കെതിരേ പരാതിനല്‍കാനെത്തിയ ദമ്പതിമാരോട് സി.ഐ. അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. ഇവരിത് ഫെയ്സ്ബുക്ക് പേജുകള്‍ വഴി പ്രചരിപ്പിച്ചു. തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ചും കമ്മിഷണറും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.

Signature-ad

ഇതേത്തുടര്‍ന്ന് സ്റ്റേഷനിലെ സി.സി. ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. ഇതിലാണ് സി.ഐക്കെതിരായ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തത്. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി. അറിയിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കൂടുതല്‍പ്പേര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് സൂചന.

അതേസമയം, ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി മനസിലാക്കിയ ശേഷമേ വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂവെന്ന് കുണ്ടറ സി.ഐ. പറഞ്ഞു. ഇല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും. ഇത്തരം പ്രചാരണങ്ങള്‍ സാധാരണക്കാര്‍ക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകും. പുതുതലമുറ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ധാര്‍മികത പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Back to top button
error: