പത്തനംതിട്ട: കേരളം വൈകാതെ വയോധികര്‍ മാത്രം താമസമുള്ള സംസ്ഥാനമായി മാറുമെന്ന ബിബിസി വാര്‍ത്തയ്ക്കെതിരേ വന്‍ പ്രതിഷേധം. തിരുവല്ല കുമ്പനാടിനെ അടിസ്ഥാനമാക്കി തയാറാക്കിയ വാര്‍ത്തയാണ് ബിബിസി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ കുമ്പനാട്ടുകാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
”കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം” എന്ന പേരിലാണ് ബിബിസി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വലിയ വീടുകള്‍ നിര്‍മിച്ച് പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി മക്കള്‍ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതായും പല വീടുകളും പൂട്ടിക്കിടക്കുന്നതായുമാണ് വാര്‍ത്തയില്‍ പറയുന്നത്. കുമ്പനാട്ട് 25,000 ആളുകള്‍ താമസമുണ്ടെന്നും ഇവിടെയുള്ള 11,118 വീടുകളില്‍ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ആശ പറഞ്ഞതായും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു.
എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞില്ലെന്നും കുമ്പനാട്ടിനെ ചളിവാരിത്തേക്കുകയാണ് വാര്‍ത്തയിലൂടെ ചെയ്തതെന്നും ആശ പറഞ്ഞു. ഇരുനില വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധമാതാവിന്റെ ദയനീയ ചിത്രം എന്ന രീതിയില്‍ അച്ചടിച്ചുവന്നതില്‍ വിയോജിപ്പുമായി അവരുടെ മകനും രംഗത്തെത്തി. തന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം തെറ്റിദ്ധരിപ്പിച്ച് ചിത്രം പകര്ത്തുകയായിരുവെന്ന് വീട്ടമ്മ പറഞ്ഞു.