KeralaNEWS

വീട് ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥരെത്തി; ഗ്യാസ് സിലിണ്ടര്‍ ഓണാക്കി വീട്ടുടമയുടെ ആത്മഹത്യാ ഭീഷണി

കൊച്ചി: ആലുവ-മൂന്നാര്‍ റോഡില്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ചൂണ്ടി കവലയ്ക്കു സമീപം വീട്ടുകാരെ പോലീസ് സഹായത്തോടെ ഇറക്കിവിടാന്‍ ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കി. വീട്ടുടമ മനയ്ക്കക്കുടി ആന്റണിയും കുടുംബാംഗങ്ങളും പാചകവാതക സിലിണ്ടര്‍ ഓണാക്കി തീ കൊളുത്തി ആത്മഹത്യാഭീഷണി മുഴക്കിയതാണ് പ്രശ്‌നം സൃഷ്ടിച്ചത്.

കീഴ്മാട് പഞ്ചായത്ത് അംഗം കെ.എ. ജോയിയും നാട്ടുകാരും വീട്ടുകാര്‍ക്കൊപ്പം നിന്നതോടെ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തി മടങ്ങി. ആന്റണിയും ഭാര്യയും 2 മക്കളും അടങ്ങിയ കുടുംബമാണ് ഇവിടെ താമസിക്കുന്നത്. 80 വര്‍ഷം മുന്‍പു പിതാവ് ദേവസ്സിയാണ് വീടു വച്ചതെന്ന് ആന്റണി പറഞ്ഞു. പട്ടയത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട താലൂക്ക് സമിതി അംഗീകരിച്ചെങ്കിലും ലഭിച്ചിട്ടില്ല.

Signature-ad

40 വര്‍ഷമായി എടത്തല പഞ്ചായത്തില്‍ കെട്ടിട നികുതി അടയ്ക്കുന്നുണ്ട്. റോഡ് വികസനത്തിന് എതിരല്ലെന്നും താമസിക്കാന്‍ അനുയോജ്യമായ സൗകര്യം തന്നാല്‍ ഒഴിയാമെന്നും ആന്റണി ഉദ്യോഗസ്ഥരെ അറിയിച്ചു. അശോകപുരം കാര്‍മല്‍ ആശുപത്രി മുതല്‍ ചുണങ്ങംവേലി രാജഗിരി ആശുപത്രി വരെയുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഒഴിപ്പിക്കുന്നത്.

Back to top button
error: