KeralaNEWS

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം ഗഡുക്കളായി; അസാധാരണ ഉത്തരവിറക്കി സി.എം.ഡി

തിരുവനന്തപുരം: ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് അസാധാരണ ഉത്തരവിറക്കി കെ.എസ്.ആര്‍.ടി.സി സി.എം.ഡി: ബിജു പ്രഭാകര്‍. കെ.എസ്.ആര്‍.ടി.സിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെയാണ് പുതിയ ഉത്തരവ്. ഗഡുക്കളായി ശമ്പളം വേണ്ടാത്തവര്‍ 25 മുന്‍പ് അപേക്ഷ നല്‍കണം. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുന്‍പായി നല്‍കും. അക്കൗണ്ടിലുള്ള പണവും ഓവര്‍ഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു നല്‍കുക. രണ്ടാമത്തെ ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നല്‍കും.

കെ.എസ്.ആര്‍.ടി.സിയില്‍ ജനുവരി മാസത്തെ ശമ്പളവിതരണം പൂര്‍ത്തിയായെങ്കിലും അടുത്ത ശമ്പളത്തിനു പുതിയ പദ്ധതിയുടെ ആലോചനയുമായി മാനേജ്‌മെന്റും അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ച കഴിഞ്ഞ ദിവസം അലസിപ്പിരിഞ്ഞിരുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാല്‍ മാത്രം അവിടെയുള്ള ജീവനക്കാര്‍ക്കു പൂര്‍ണ ശമ്പളം അഞ്ചിനു മുന്‍പു ലഭ്യമാക്കുന്ന വരുമാനലക്ഷ്യ (ടാര്‍ഗറ്റ്) പദ്ധതിയാണു ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകര്‍ മുന്നോട്ടുവച്ചത്.

Signature-ad

ഡിപ്പോകള്‍ ചെലവിനെക്കാള്‍ വരുമാനം ഉണ്ടാക്കിയാല്‍ മാത്രമേ പൂര്‍ണശമ്പളം അഞ്ചിനു മുന്‍പു നല്‍കാനാകു. ടാര്‍ഗറ്റ് എത്താത്ത ഡിപ്പോകളിലും എല്ലാവര്‍ക്കും പൂര്‍ണ ശമ്പളം കിട്ടും. പക്ഷേ അഞ്ചിനു മുന്‍പു ലഭിക്കില്ലെന്നതാണു മാനേജ്‌മെന്റ് മുന്നോട്ടുവച്ച നിര്‍ദേശം. സര്‍ക്കാര്‍ പണം കൈമാറുന്ന മുറയ്ക്കു പൂര്‍ണ ശമ്പളം ലഭ്യമാക്കും. 5ന് മുന്‍പ് 50 കോടി കൈമാറുമെന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉറപ്പു നല്‍കിയ ധനവകുപ്പ് 10നു ശേഷമാണ് എല്ലാമാസവും ഇപ്പോള്‍ പണം കൈമാറുന്നത്. ഇതാണു ശമ്പളം വൈകാനും കാരണമെന്നും യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് സി.എം.ഡി അറിയിച്ചത്.

Back to top button
error: