ന്യൂഡല്‍ഹി: ആര്.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി. ജനുവരി 14ന് ന്യൂഡല്‍ഹിയില്‍ വച്ച് ചര്‍ച്ച നടന്നതായി ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറിയും മുന്‍ കേരള അമീറുമായ ടി ആരിഫ് അലി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്.എസ്.എസ് ആണെന്നും അതിനാലാണ് ചര്‍ച്ച നടത്തിയതെന്നും ആരിഫ് അലി വ്യക്തമാക്കി.
മുന്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍ എസ്വൈ ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നജീബ് ജങ്, ഷാഹിസ് സിദ്ധിഖി, സയീദ് ഷെര്‍വാനി എന്നിവര്‍ 2022 ഓഗസ്റ്റില്‍ ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള ചര്‍ച്ച. ജമാമഅത്തെ ഇസ്ലാമിയുമായുള്ള ചര്‍ച്ചയ്ക്ക് ആര്.എസ്.എസ് നാലംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.
ഖുറേഷിയാണ് ജമാഅത്തുമായി ബന്ധപ്പെട്ടത്. ചര്‍ച്ചകളില്‍ സഹകരിക്കണമെന്ന് ഖുറേഷി ആവശ്യപ്പെടുകയായിരുന്നു. മറ്റു മുസ്ലിം സംഘടനകളുമായും അദ്ദേഹം സംസാരിച്ചിരുന്നു. ചര്‍ച്ചയില്‍ ഇരു കൂട്ടര്‍ക്കും തുല്യ പങ്കാളിത്തം വേണമെന്ന് തുടക്കത്തില്‍ തന്നെ ഞങ്ങള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് കൃത്യമായ ഘടന വേണമെന്ന നിബന്ധനയും മുന്നോട്ടുവച്ചു. ചര്‍ച്ച സുതാര്യമായിരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇരുപക്ഷത്തിനും പറയാനുള്ളത് അങ്ങോട്ടുമിങ്ങോട്ടും കേള്‍ക്കണം. വെറുതെ ചര്‍ച്ച മാത്രമല്ലാതെ എന്തെങ്കിലും ഫലമുണ്ടാവണമെന്നും ഞങ്ങള്‍ പറഞ്ഞു. ഇതെല്ലാം ഖുറേഷി അംഗീകരിച്ചതോടെയാണ് ചര്‍ച്ച യാഥാര്‍ഥ്യമായത്- ആരിഫ് അലി വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി സംവാദത്തില്‍ വിശ്വസിക്കുന്ന സംഘടനയാണ്. സമൂഹത്തിലെ ഏതു വിഭാഗവുമായും ഇടപെടാന്‍ ഞങ്ങള്‍ക്കു മടിയില്ല. മുസ്ലിം സംഘടനകളുമായി നടത്തിയ ചര്‍ച്ചയോടെ കേന്ദ്രത്തെ നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് ആര്.എസ്.എസ് തന്നെ തെളിയിച്ചു, അതാണ് സത്യം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്കിടെ ആര്.എസ്.എസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും ആര്.എസ്.എസ് നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചു. കാശിയിലും മഥുരയിലും ഉള്‍പ്പെടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങളും ചര്‍ച്ചയില്‍ ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം, ആര്.എസ്.എസുമായി ചര്‍ച്ച നടത്തിയതിനെ ജമാഅത്തെ ഇസ്ലാമി എതിര്‍ത്തിരുന്നല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ആരിഫ് അലിയുടെ മറുപടി ഇങ്ങനെ: ആര്.എസ്.എസുമായി ഏതു സംഘടന നടത്തുന്ന ചര്‍ച്ചയും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിലേക്കും ഭൂരിപക്ഷ പ്രീണനത്തിലേക്കും പോവരുത് എന്നാണ് ഞങ്ങളുടെ നിലപാട്.
ആര്.എസ്.എസുമായി ഇനിയും ചര്‍ച്ച തുടരും. ഇപ്പോള്‍ നടത്തിയത് രണ്ടാം നിര നേതാക്കളുമായുള്ള ആശയ വിനിമയമാണ്. മുന്‍നിര നേതാക്കള്‍ അടുത്ത ഘട്ടത്തില്‍ ചര്‍ച്ച നടത്തുമെന്ന് ആരിഫ് അലി പറഞ്ഞു.