KeralaNEWS

കൗമാരക്കാര്‍ക്കു പ്രിയം കഞ്ചാവ്, തുടക്കം പുകവലിയിൽ; എക്‌സൈസ് സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്‌സൈസ് വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. പുകവലിയിലൂടെയാണ് കഞ്ചാവിലേക്ക് എത്തുന്നത്. ലഹരി കേസുകളില്‍ ഉള്‍പ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്‌സൈസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് മന്ത്രി എം ബി രാജേഷ് എക്‌സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു.

മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസില്‍ താഴെയുള്ളവരാണ്. എക്‌സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയന്‍, സൈക്കോളജിസ്റ്റ് റീജാ രാജന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട വിപുലമായ ഒരു സര്‍വേ എസ്.പി.സി കേഡറ്റുകളുടെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം പേരില്‍ നിന്ന് വിവരം ശേഖരിക്കും. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, ആദിവാസി- തീരദേശ വാസികള്‍, അതിഥി തൊഴിലാളികള്‍, ഐ.റ്റി പ്രൊഫഷണലുകള്‍ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തമായ 26 വിഭാഗങ്ങളില്‍ നിന്നാണ് ഇതിനായി വിവരം ശേഖരിക്കുക.

Signature-ad

സര്‍വ്വെയിലെ പ്രധാന കണ്ടെത്തലുകള്‍:

  • കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തികളില്‍ നിന്നും, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൗണ്‍സലിംഗ്, ചികിത്സ എന്നിവയ്ക്ക് വിധേയരായ വ്യക്തികളില്‍ 97 ശതമാനം പേര്‍ ഒരു തവണയെങ്കിലും ലഹരിവസ്തു ഉപയോഗിച്ചവരാണ്.
  • ലഹരി ഉപയോഗങ്ങളില്‍ 82% പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാര്‍ത്ഥം കഞ്ചാവാണ്. 75.66% പുകവലിയും 64.66% മദ്യവും 25.5% ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്. നിലവില്‍ 77.16% പേരും പുകവലി ഉള്ളവരാണ്. മദ്യം ഉപയോഗിക്കുന്ന 69.5% പേരും കഞ്ചാവ് ഉപയോഗിക്കുന്ന 63.5% പേരുമുണ്ട്.
  • ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78% പേര്‍. സ്വാധീനം മൂലം 72%വും സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 51.5% പേരും ലഹരി ഉപയോഗിച്ചു തുടങ്ങിയെന്നും കണ്ടെത്തി.
  • 78.1% പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്ക് എത്തിയത്. ആദ്യലഹരിയായി മദ്യം ഉപയോഗിച്ചവര്‍ 36.66%വും, കഞ്ചാവ് ഉപയോഗിച്ചവര്‍ 16.33%വുമാണ്.
  • 79% വ്യക്തികള്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി പദാര്‍ത്ഥം ലഭിക്കുന്നത്. കുടുംബാംഗങ്ങളില്‍ നിന്ന് ലഹരി ആദ്യമായി ലഭിച്ചവര്‍ 5%മാണ്. സര്‍വേയുടെ ഭാഗമായവരില്‍ 38.16% പേര്‍ ലഹരി വസ്തുക്കള്‍ കൂട്ടുകാര്‍ക്ക് കൈമാറിയിട്ടുണ്ട്.
  • 70%വും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ലഹരി ആദ്യമായി ലഹരി ഉപയോഗിച്ചത്. 15-19 വയസിനിടയില്‍ ലഹരി ഉപയോഗം തുടങ്ങിയവര്‍ 20%മാണ്. പത്തുവയസിന് താഴെയുള്ള പ്രായത്തിലാണ് 9% പേര്‍ ലഹരി ഉപയോഗം ആരംഭിച്ചത്.
  • 46% വ്യക്തികളും ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കുന്നവരാണ്.
  • ലഹരിമുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരില്‍ 87.33% പേര്‍ ലഹരി ഉപയോഗം കുറയ്ക്കുന്നതില്‍ കൗണ്‍സലിംഗ് ഏറ്റവും പ്രധാനപ്പെട്ട ഘടകമായി സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ട് പ്രകാശന ചടങ്ങില്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി രാജീവ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഗോപകുമാര്‍ ആര്‍, സുല്‍ഫിക്കര്‍ എ.ആര്‍, ഏലിയാസ് പി.വി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരായ ബി. രാധാകൃഷ്ണന്‍, സലിം എന്നിവര്‍ പങ്കെടുത്തു.

Back to top button
error: